ന്യൂഡൽഹി: രാജ്യത്ത് സിഎൻജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.ഒരു രൂപ വർധിച്ച് ഡൽഹിയിൽ ഇപ്പോൾ സിഎൻജി വില കിലോയ്ക്ക് 80.09 രൂപയായി. ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളെ ഈ വിലവർധനവ് നേരിട്ട് ബാധിക്കും.
നോയിഡയിലും ഗാസിയാബാദിലും ഒരു കിലോ സിഎൻജിയുടെ വില 88.70 രൂപയായി ഉയർന്നു. മേയ് 15-ന് കമ്പനികൾ സിഎൻജി കിലോയ്ക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിലെ വില 77.09 രൂപയിൽ നിന്ന് 79.09 രൂപയായി ഉയർന്നിരുന്നു.
15-ാം തീയതി കേന്ദ്രം പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്നുരൂപ വീതം കൂട്ടിയിരുന്നു. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു നടപടി.
