ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു ; ഇരിക്കുന്ന നിലയിൽ മൃതദേഹം ; ദുരൂഹത ഒഴിയാൻ പോസ്റ്റുമോർട്ടം
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു. കല്ലറയിൽ ഇരിക്കുന്ന തരത്തിൽ മൃതദേഹം കണ്ടെത്തിയെന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് ലഭിച്ചെന്നും പോലീസ് പറഞ്ഞു. വീട്ടുകാർ മൊഴി നൽകിയതു പോലെ തന്നെയാണ് മൃതദേഹം ഇരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം. തിരുവനന്തപുരം സബ്കളക്ടർ ഒ.വി.ആല്ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.