കൊച്ചി: മിമിക്രി വേദികളിൽ പ്രേക്ഷകരെ എന്നും അമ്പരപ്പിച്ച നടനായിരുന്നു കലാഭവൻ നവാസ്. മിമിക്രി മാത്രമല്ല സിനിമയിലും തന്റെ നിറ സാന്നിധ്യം അറിയിച്ചു. എന്നും കലാഭവൻ നവാസിനെ ഒർക്കാൻ ഇമ്മിണി നല്ല സിനിമകളാണ് മലയാള പ്രേക്ഷകർക്കിടയിലുള്ളത്. ഇപ്പോഴിതാ താരത്തിന്റെ അകാലവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുകയാണ് മോഹൻലാലും മമ്മൂട്ടിയും. ‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ ഓർക്കാറുള്ളത്. നർമവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്‌ചവച്ചത്’- മോഹൻലാൽ കുറിച്ചു. കലാഭവൻ നവാസിന് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടിയും ഫേസ്‌ബുക്കിൽ കുറിച്ചു.അതേസമയം, കളമശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം നവാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകും.
മൂന്ന് മണിവരെ വീട്ടിലും തുടർന്ന് അഞ്ച് മണി വരെ ആലുവ ടൗൺ മസ്‌ജിദിലും പൊതുദർശനം ഉണ്ടാകും. 5.15ന് ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും. നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ പ്രവർത്തകരും ആരാധകർ. കളമശേരി മെഡിക്കൽ കോളേജിന് മുന്നിൽ വലിയ ആൾക്കൂട്ടമായിരുന്നു.വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് നവാസിനെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ വൃന്ദാവൻ റസിഡൻസിയിൽ താമസിക്കുകയായിരുന്നു.
രാത്രി എട്ട് മണിയോടെ ചെക്കൗട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നെങ്കിലും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് മുറി തുറന്ന് നോക്കുമ്പോഴാണ് വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Leave feedback about this