പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളെ വെട്ടിക്കൊന്നു. നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി സുധാകരനെയും അമ്മ ലക്ഷിയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു പ്രതി. രണ്ട് മാസം മുമ്പാണ് കേസിൽ ജാമ്യത്തിലിറങ്ങിയത്. പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സുധാകരന്‍റെ മൃതദേഹം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തുനിന്ന് മാറ്റാനായിട്ടില്ല.
ലോറി ഡ്രൈവറായിരുന്നു ചെന്താമര. ഇയാളും ഭാര്യയും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിന് കാരണം അയൽവാസികളാണെന്ന ധാരണയിലാണ് 2019ൽ ചെന്താമര സജിതയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര വീണ്ടും അക്രമം നടത്തുമെന്ന പേടിയുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് ഇയാൾ ഭീഷണിയാണെന്ന് കാണിച്ച് നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് മീനാക്ഷിയെയും സമാനരീതിയിൽ വെട്ടിക്കൊലപ്പെടുത്തിയത്.
Leave feedback about this