കൽപറ്റ: വയനാട്ടിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെ ആറു മുതൽ 48 മണിക്കൂർ സമയത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രദേശത്ത് തിങ്കളാഴ്ച വരേയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
പഞ്ചാരക്കൊല്ലിയിലെ കടുവ ദൗത്യത്തിലെ അടുത്ത 48 മണിക്കൂർ അതീവ നിർണായകമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചിരുന്നു. ദൗത്യം ശക്തിപ്പെടുത്തുന്നതിനായി പോലീസിലെ ഷാർപ്പ് ഷൂട്ടർമാരെയും ദൗത്യത്തിന്റെ ഭാഗമാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം വനം വകുപ്പിന്റേയും സർക്കാരിന്റെയും ഇടപെടലിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാർ.
Leave feedback about this