മുംബൈ: കാത്തിരിപ്പിനു വിരാമം, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
മുഖ്യസെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ടീം പ്രഖ്യാപനത്തിനു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ടീമിനെ എത്തിക്കുകയും 2024 ട്വന്റി-20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുകയും ചെയ്ത രോഹിത് ശർമയാണ് ടീം ഇന്ത്യയെ ചാന്പ്യൻസ് ട്രോഫിയിൽ നയിക്കുക. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റു വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 2023 ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കുവേണ്ടി ഇതുവരെ കളിക്കാതിരുന്ന പേസർ മുഹമ്മദ് ഷമി, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ, പേസർ അർഷദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടി. അതേസമയം, പേസർ മുഹമ്മദ് സിറാജിന് ഇടം ലഭിച്ചില്ല. ഫെബ്രുവരി 19നാണ് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഉറപ്പില്ലാത്ത സാഹചര്യത്തിലാണിതെന്നാണ് നിഗമനം. യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ ഓപ്പണിംഗ് ബാക്കപ്പായാണ് ടീമിലെത്തിയിരിക്കുന്നത്. ഇന്ത്യൻ ഏകദിന ടീമിലേക്ക് യശസ്വിക്കു വിളിയെത്തുന്നതും ഇതാദ്യം. പരിക്കിന്റെ നിഴലിലുള്ള ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷദീപ് സിംഗ് എന്നിവരാണ് 15 അംഗ ടീമിലെ സ്പെഷലിസ്റ്റ് പേസർമാർ. മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. 2023 ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ഷമിയുടെ തിരിച്ചുവരവാണിത്. ഹാർദിക് പാണ്ഡ്യയാണ് ടീമിൽ പേസ് ആക്രമണം നടത്താൻ കെൽപ്പുള്ള മറ്റൊരു താരം. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് മാത്രമാണ് ഇന്ത്യയുടെ സംഘത്തിൽ ഉള്ളതെന്നതും ശ്രദ്ധേയം.മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന് ഇടം ലഭിക്കാതിരുന്നതിൽ വിവാദം തലപൊക്കി. ശശി തരൂർ അടക്കമുള്ളവർ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) കുറ്റപ്പെടുത്തി രംഗത്തെത്തി. വിജയ് ഹസാരെ ഏകദിനത്തിനുള്ള കേരള ക്യാന്പിൽ പങ്കെടുക്കാതിരുന്ന സഞ്ജുവിനെ കെസിഎ ടീമിൽ ഉൾപ്പെടുത്തിയില്ല. കളിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും ക്യാന്പിൽ പങ്കെടുത്തില്ല എന്ന കാരണത്താൽ സഞ്ജുവിനെ ഒഴിവാക്കിയത് ഗുരുതര വീഴ്ചയാണെന്നാണ് തരൂർ തുറന്നടിച്ചത്.
സഞ്ജുവുമായി പ്രശ്നങ്ങളില്ലെന്നും കാര്യങ്ങൾ അറിയാതെയാണ് തരൂർ സംസാരിക്കുന്നതെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രതികരിച്ചു.ബിസിസിഐക്കു മുന്നിൽ പുകഞ്ഞ കൊള്ളിയായി പുറത്താക്കപ്പെട്ട കളിക്കാരനായിരുന്നു ശ്രേയസ് അയ്യർ. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിന്റെ പേരിൽ ബിസിസിഐയുടെ കരാറിൽനിന്ന് ഒഴിവാക്കപ്പെട്ട കളിക്കാരൻ. ആഭ്യന്തരം കളിക്കാതെ, ദേശീയ ടീമിലേക്കുള്ള വാതിൽ തുറക്കാത്തതിൽ ദുഃഖിതരാകുന്ന പലർക്കുമുള്ള ഉദാഹരണവുമാണ് ശ്രേയസ്. കാരണം, 2025 ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് ഇടംനേടി. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ശ്രേയസിനെ ചാന്പ്യൻസ് ട്രോഫിക്കുള്ള ദേശീയ ടീമിലേക്കെത്തിച്ചത്. 2024-25 സീസണ് വിജയ ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ മുംബൈക്കുവേണ്ടി അഞ്ചു മത്സരങ്ങളിൽ ഇറങ്ങിയ ശ്രേയസ് അയ്യർ രണ്ട് സെഞ്ചുറി ഉൾപ്പെടെ അടിച്ചുകൂട്ടിയത് 325 റണ്‍സ്. വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനത്തിലൂടെ ചാന്പ്യൻസ് ട്രോഫി ടീമിലെത്തിയ മറ്റൊരു താരമാണ് പേസർ അർഷദീപ് സിംഗ്. 2024-25 സീസണ് വിജയ് ഹസാരെയിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ പഞ്ചാബിനുവേണ്ടി കളിച്ച അർഷദീപ് സിംഗാണ്. ഏഴു മത്സരങ്ങളിൽനിന്ന് അർഷദീപ് വീഴ്ത്തിയത് 20 വിക്കറ്റാണ്. രണ്ടു തവണ നാലു വിക്കറ്റും ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.അതേസമയം, ഈ സീസൺ വിജയ് ഹസാരെയിലെ ടോപ് സ്കോററായ കരുണ്‍ നായറിനു ടീമിൽ ഇടം ലഭിച്ചില്ല എന്നതും ശ്രദ്ധേയം. എട്ട് ഇന്നിംഗ്സിൽനിന്ന് 779 റണ്‍സ് മുപ്പത്തിമൂന്നുകാരനായ കരുണ്‍ നായർ നേടി. ഫൈനലിലെത്തിയ വിദർഭയുടെ ക്യാപ്റ്റനുമാണ്.
Leave feedback about this