കൊച്ചി: പാകിസ്താൻ ചാരവൃത്തി ആരോപിച്ച് മൂന്നു കരാർ തൊഴിലാളികളെ ദേശിയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. കർണാടകയിലെ കാർവാർ, കേരളത്തിലെ കൊച്ചി എന്നി നാവിക താവളങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുടെ പ്രവർത്തകരുമായി പ്രതിരോധ സ്ഥാപനങ്ങളുടെ തന്ത്രപ്രധാനവും രഹസ്യാത്മകവുമായ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കൊച്ചി ആസ്ഥാനത്ത് നിന്ന് അഭിലാഷ് പി.എ, കാർവറിൽ നിന്ന് വേദൻ ലക്ഷ്മൺ തണ്ടെൽ, അക്ഷയ് രവി നായിക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തദ്ദേശീയ പോലീസിൻ്റെ സഹായത്തോടെ പിടികൂടിയ മൂന്നുപേരും കാർവാർ, കൊച്ചി നാവിക താവളങ്ങളിലെ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും പാകിസ്താൻ രഹസ്യാന്വേഷണ പ്രവർത്തകരിൽ (പി.ഐ.ഒ) നിന്നും പണം കൈപ്പറ്റുന്നുണ്ടെന്നും, സോഷ്യൽ മീഡിയ വഴി ഇവരെ ബന്ധപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, മൂന്നുപേരും പി.ഐ.ഒമാരുമായി പങ്കുവെച്ചതായി പറയപ്പെടുന്ന വിവരങ്ങളുടെ സ്വഭാവം ഏജൻസി വെളിപ്പെടുത്തിയിട്ടില്ല.
പ്രതികൾ രണ്ട് നാവിക താവളങ്ങളിലെ കരാർ ജീവനക്കാരായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ നിരവധി ആശയവിനിമയ ചാനലുകളിലൂടെ ബന്ധപ്പെട്ട ഇവരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയതായും എൻ.ഐ.എ അറിയിച്ചു. ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.
“ഇന്ത്യ വിരുദ്ധ ഗൂഢാലോചന”യുടെ ഭാഗമായി 2021 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇൻ്റലിജൻസ് സെൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പാകിസ്ഥാൻ പ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 2023 ജൂണിലാണ് തീവ്രവാദ വിരുദ്ധ ഏജൻസി കേസ് ഏറ്റെടുക്കുന്നത്. നാവികസേനയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാകിസ്താൻ പൗരനായ മീർ ബാലജ് ഖാനും ആകാശ് സോളങ്കിക്കും ഈ കേസിലും ബന്ധമുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
Leave feedback about this