ദുബായ് : ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന സൗദി അറേബ്യയുടെ സ്വന്തം മിലാഫ് കോള ഇനി ജിസിസിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, ഈജിപ്ത്, ഇന്ത്യ എന്നിവടങ്ങളിലെ ലുലു സ്റ്റോറുകളിൽ മിലാഫ് കോളയും ഈന്തപ്പഴവും ഉപഭോക്താകൾക്ക് ഉടൻ ലഭിക്കും. ആദ്യഘട്ടമായി ജിസിസിയിലും തുടർന്ന് ഇന്ത്യയിലെ ലുലു സ്റ്റോറുകളിലും മിലാഫ് കോളയും ഈന്തപ്പഴവും ലഭ്യമാകും. ലുലു റീട്ടെയ്ലിന്റെ വിതരണ ശ്രംഖലയായ അൽ തയെബ് ഡിസട്രിബ്യൂഷൻ വഴിയാണ് മിലാഫ് ഉപഭോക്താക്കളിലേക്ക് എത്തുക. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അൽ മദീന ഹെറിറ്റേ സിഇഒ ബാന്ദർ അൽ ഖഹ്താനി എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. സൗദി ഉത്പന്നങ്ങൾക്ക്, പ്രത്യേകിച്ച് കൂടുതൽ ജനപ്രിയമായി മാറിയ മിലാഫ് കോള ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണ് ലുലു.

ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതൽ വിപുലമായ വിതരണത്തിനായി നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായും ലുലു ധാരണയിലെത്തി. ലോകത്തെ വിവിധിയിടങ്ങളിലുള്ള ലുലു സ്റ്റോറുകളിൽ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യത ഉറപ്പാക്കുകയുമായി ലുലു. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയരക്ടർ സലിം എം.എ NAFED എംഡി ധൈര്യഷിൽ കംസെ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഇറ്റലിയിലെ പാസ്താ റീഗിയോ, സ്പെയിനിലെ ഫ്രിൻസാ ഗ്രൂപ്പ്, യുഎസ്എയിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായി 9 കരാറുകളിൽ ലുലു ഒപ്പുവച്ചു. ഭക്ഷ്യഉത്പന്നങ്ങളുടെ വിപുലമായ വിതരണത്തിനും ലഭ്യത ഉറപ്പാക്കാനുമായാണ് കരാർ.

റീട്ടെയ്ൽ രംഗത്തെ മാറ്റങ്ങൾ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗൾഫുഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി ഉൾപ്പടെ പ്രതിധ്വനിക്കുന്നതാണ് ഗൾഫുഡിലെ പ്രദർശനങ്ങളെന്നും എം.എ യൂസഫലി വ്യക്തമാക്കി. ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലിം വി.ഐ തുടങ്ങിയവരും ചടങ്ങലിൽ ഭാഗമായി.
Leave feedback about this