കോഴിക്കോട്: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീം ഒടുവിൽ സ്വന്തം മണ്ണിൽ തിരിച്ചെത്തി. റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-ഓടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. മകന്റെ മുഖമൊന്ന് കാണാൻ വർഷങ്ങളായി കണ്ണീരോടെ കാത്തിരുന്ന എൺപത് വയസ്സായ ഉമ്മ ഫാത്തിമയുടെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമായത്.
മടക്കയാത്രയിൽ റഹീമിന്റെ മോചനത്തിന് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ലീഗൽ കമ്മിറ്റിയിലെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ റിയാദ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രയാക്കിയത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വീസയിൽ റഹീം റിയാദിൽ എത്തിയത്. ചലനശേഷി നഷ്ടപ്പെട്ട അനസ് അൽ ശഹ്റി എന്ന 18 വയസുകാരനായ സൗദി ബാലനെ പരിചരിക്കലായിരുന്നു ചുമതല. എന്നാൽ ജോലിയിൽ പ്രവേശിച്ച് കൃത്യം ഒരു മാസത്തിന് ശേഷം ഉണ്ടായ ഒരു നിർഭാഗ്യകരമായ സംഭവത്തിൽ അനസ് മരണപ്പെടുകയും ഡിസംബർ 25-ന് റഹീം അറസ്റ്റിലാവുകയുമായിരുന്നു.
ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്തേക്ക് തുപ്പുകയും, ഇത് തടയാൻ റഹീം കൈയുയർത്തിയപ്പോൾ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് അനസ് അബോധാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
