Kerala

ഹൃദയപൂർവം വയനാടിന് തുടക്കം : 42 വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുത്ത് സി.സി.എസ്.കെ

കൊച്ചി: ദുരന്തമുഖങ്ങളിൽ സഹായഹസ്‌തവുമായി മറ്റെല്ലാം മറന്ന് ഒരുമിച്ചു .കൂടുകയെന്നതാണ് കേരളത്തിന്റെ യഥാർത്ഥ സ്‌പിരിറ്റെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ജനറലും ജില്ലാ കളക്‌ടറുമായ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. 2019ൽ വയനാട് പുത്തുമല മുതൽ ചൂരൽമല ദുരന്തം വരെ താൻ അക്കാര്യം നേരിട്ടറിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ 42 വിദ്യാർത്ഥികളുടെ പഠനച്ചെലവ് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്‌കൂൾസ് കേരള (കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017 മുതൽ 2019 വരെ താൻ വയനാട് സബ് കളക്‌ടറായിരുന്നു.  പുത്തുമലദുരന്തമുണ്ടായപ്പോൾ ഒരുമാസം അവിടെ താമസിച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. പിന്നീട് പ്രളയവും കൊവിഡും കഴിഞ്ഞ വർഷത്തെ വയനാട് ദുരന്തവുമുണ്ടായപ്പോഴെല്ലാം രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള സഹായങ്ങൾക്കും കേരളം മുഴുവൻ ഒത്തുചേർന്നു. പ്രതിസന്ധികളിലെല്ലാം ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ സ്‌പിരിറ്റ്. അതാണ് യഥാർത്ഥ കേരള സ്പിരിറ്റെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തത്തിൽ തുടർപഠനം പ്രതിസന്ധിയിലായ കുട്ടികളെ ഏറ്റെടുത്ത സി.സി.എസ്.കെയുടെ തീരുമാനം മാതൃകാപരമാണ്. വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് മുക്തമാക്കാൻ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതികളിലുൾപ്പെടെ വലിയ പിന്തുണയാണ് സി.സി.എസ്.കെയിൽ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

42 വിദ്യാർത്ഥികളുടെ പഠനത്തിനുള്ള ആദ്യഘട്ട സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് മേപ്പാടി മൗണ്ട് ടബോർ ഇംഗ്ളീഷ് സ്കൂൾ മാനേജർ സിസ്‌റ്റർ സലോമിക്ക് കളക്ടർ കൈമാറി. ചടങ്ങിൽ സി.സി.എസ്.കെ പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരരാജൻ ആമുഖപ്രഭാഷണം നടത്തി. സി.സി.എസ്.കെ നോർത്ത് സോൺ പ്രസിഡന്റ് ഫാ. ജോണി കാഞ്ഞിരത്തിങ്കൽ, സ്‌കൂൾ പി.ടി.എ പ്രതിനിധി എസ്.അഭിലാഷ് എന്നിവർ സംസാരിച്ചു. സിസ്റ്റർ സലോമി മറുപടി പറഞ്ഞു. സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് സ്വാഗതവും ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡപ്യൂട്ടി ഡയറക്‌ടർ കെ. സുരേഷ് നന്ദിയും പറഞ്ഞു.

മേപ്പാടി മൗണ്ട് ടബോർ സ്കൂളിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 44 വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. രണ്ടുപേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു. ദുരന്തം മൂലം പഠനം അനിശ്ചിതത്വത്തിലായ 42 വിദ്യാർത്ഥികളുടെ മുഴുവൻ പഠനച്ചെലവുമാണ് കൗൺസിൽ ഏറ്റെടുത്തത്. കുട്ടികളുടെ പഠനം ഉറപ്പാക്കി ഭാവിജീവിതവും കുടുംബസുരക്ഷയും ഭദ്രമാക്കുകയെന്ന ദൗത്യമാണ് കൗൺസിൽ ഏറ്റെടുത്തതെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.

സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് അഞ്ചു വീടുകളും സി.സി.എസ്.കെ നിർമ്മിച്ചുനൽകും. സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കാനുള്ള നടപടികൾ കൗൺസിൽ ആരംഭിച്ചുകഴിഞ്ഞു. 17 മുതൽ 22 ലക്ഷം വരെ രൂപയാണ് ഓരോ വീടുകൾക്കും ചെലവ് പ്രതീക്ഷിക്കുന്നതെന്ന് സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video