കോഴിക്കോട്: കേരളതീരത്തിനടുത്ത് തീപിടിച്ച എംവി വാൻഹായ് 503 ചരക്കുകപ്പലിലെ രക്ഷാദൗത്യത്തിന് കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തി. ഇവര്‍ കോസ്റ്റ് ഗാർഡും നേവിയുമായി ചേർന്ന് ദൗത്യത്തിന്റെ ഭാഗമായി. ടഗുകൾ ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കപ്പല്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യമുണ്ട്. സാൽവേജ് മാസ്റ്റർ ദൗത്യത്തിന് എത്ര കപ്പലുകൾ വേണമെന്ന് അറിയിക്കും. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ അഞ്ച് കോസ്റ്റ്ഗാർഡ് കപ്പലുകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. അഗ്നിശമന ഉപകരണങ്ങളള്ളതും, മലിനീകരണം തടയാൻ ഉള്ള സൗകര്യങ്ങളും ഉള്ളതുമായ കപ്പലുകളാണിവ.
നിലവില്‍ നിയന്ത്രണവിധേയമല്ലെങ്കിലും കപ്പല്‍ മുങ്ങുന്നില്ല എന്നാണ് വിവരം. അഗ്നിരക്ഷാ സേന ദൗത്യം തുടരുകയാണ്. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്.