വയനാട്: പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്ത് പുലർച്ചെ രണ്ടരോടെയാണ് കടുവയെ ചത്തനിലയിൽ കണ്ടത്. 38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയാണ് ചത്തത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡന്റിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.
ഏഴ് വയസ് പ്രായമുള്ള പെൺകടുവ മറ്റൊരു കടുവയുമായുള്ള ഏറ്റമുട്ടലിനിടെ മുറിവേറ്റാകാം ചത്തതെന്നും വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ വ്യക്തമാക്കി. കടുവയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ്‌മോർട്ടം നടത്തും.കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവ ചത്തത്.
