loginkerala breaking-news ജീവനറ്റ വൃക്ഷത്തിന് പുതുജീവനേകി ലുലുമാളിലെ പരിസ്ഥിതി ദിനാചരണം
breaking-news Kerala

ജീവനറ്റ വൃക്ഷത്തിന് പുതുജീവനേകി ലുലുമാളിലെ പരിസ്ഥിതി ദിനാചരണം

കോഴിക്കോട്: ജീവനറ്റ വൃക്ഷത്തിൽ ഇലകൾ ചേർത്ത് വേറിട്ട പരിസ്ഥിതി ദിനാചരണവുമായി ലുലുമാൾ. ലോകപരിസ്ഥിതി ദിനത്തിൽ ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയാണ് വേറിട്ട ശൈലിയിൽ പരിപാടി സംഘടിപ്പിച്ചത്.‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി’ എന്ന സന്ദേശവുമായി നടന്ന പരിപാടിയിൽ കേന്ദ്രാകർഷണമായത് ഉണങ്ങിയ വൃക്ഷ ശിഖരത്തിന് പുതു ജീവൻ നൽകാനുള്ള ആവിഷ്‌ക്കരണമായിരുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ എഴുതിയ കൃത്രിമ ഇലകൾ ഉണങ്ങിയ വൃക്ഷ ശിഖരത്തിൽ സ്ഥാപിച്ചാണ് ബോധവൽക്കരണം നടത്തിയത്. ഇത്തരത്തിൽ മാളിലേക്ക് എത്തിയ സന്ദർശകർ ക്യാമ്പയിന്റെ ഭാ​ഗമായതോടെ പ്രതീകാത്മകമായ ഉണങ്ങിയ വൃക്ഷത്തിൽ കൃത്രിമ ഇലകൾ കൊണ്ടൊരു വലിയ ചില്ലതന്നെ തീർത്തു. ഉണങ്ങിയ ശിഖിരത്തിന് പുതുജീവൻ നൽകാൻ കൈകോർക്കുക എന്നതായിരുന്നു സന്ദേശം. ക്യാമ്പയിന്റെ ഭാ​ഗമായവർക്ക് വൃക്ഷ തൈകളും സമ്മാനിച്ചു.

പാരിസ്ഥിതിക പ്രതിബദ്ധതയെ കുറിച്ചുള്ള ബോധവൽക്കരണമുയർത്തി ഫ്ളാഷ് മോബും അരങ്ങേറി. വനം വകുപ്പും ലുലുമാളും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഉത്തരമേഖലാ സോഷ്യൽ ഫോറസ്റ്റ്രി കൺസർവേറ്റർ ആർ. കീർത്തി ഐ.എഫ്.എസ്., അസിസ്റ്റന്റ് കൺസർവേറ്റർ കെ.നീനു, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എ.പി ഇംതിയാസ് , ലുലുമാൾ കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടീൽ എന്നിവർ ചടങ്ങിന്റെ ഭാ​ഗമായി. പരിസ്ഥിതി സംരക്ഷണത്തിൽ ലുലു മാളിന്റെ പങ്കും ഈ പരിപാടിക്ക് തെളിവായി മാറി, മാളിന്റെ സൗരോർജപാനലുകൾ, മഴവെള്ളം ശേഖരിക്കുന്ന സംവിധാനം, മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റ്, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ, ജൈവമാലിന്യങ്ങൾക്കായുള്ള മാനേജ്മെന്റ്, എന്നിവയാൽ പരിസ്ഥിതി സൗഹൃദം ഊട്ടിയുറപ്പിച്ചാണ് മാളിന്റെ പ്രവർത്തനം.

പടം അടിക്കുറിപ്പ്: ഉത്തരമേഖലാ സോഷ്യൽ ഫോറസ്റ്റ്രി കൺസർവേറ്റർ ആർ. കീർത്തി ഐ.എഫ്.എസ്., ലുലുമാൾ കോഴിക്കോട് റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടീൽ എന്നിവർ ചേർന്ന് വൃക്ഷ തൈ നടുന്നു.അസിസ്റ്റന്റ് കൺസർവേറ്റർ കെ.നീനു, വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എ.പി ഇംതിയാസ് , ലുലുമാൾ മാനേജർ അരുൺ ദാസ് എസ് എന്നിവർ സമീപം.

പടം-2 ലുലുമാളിൽ പ്രതീകാത്മകമായി വച്ച വൃക്ഷത്തിൽ ഇലകൾ ചേർത്ത് സന്ദർശകർ പരിസ്ഥിതി ദിനത്തിന്റെ ഭാ​ഗമായപ്പോൾ.

Exit mobile version