loginkerala archive കൊച്ചി ലുലുമാളില്‍ തിളങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയുടെ യശസ്സുയര്‍ത്തിയ ട്രെബിള്‍ ട്രോഫികള്‍
archive sport

കൊച്ചി ലുലുമാളില്‍ തിളങ്ങി മാഞ്ചസ്റ്റര്‍ സിറ്റിയുടെ യശസ്സുയര്‍ത്തിയ ട്രെബിള്‍ ട്രോഫികള്‍

കൊച്ചി: ജനലക്ഷങ്ങള്‍ നെഞ്ചേറ്റിയ പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യശ്ശസ്സ് ഉയര്‍ത്തിയ നാല് കപ്പുകള്‍ കൊച്ചി ലുലു മാളില്‍ പ്രദര്‍ശനത്തിന് വച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 2022-23 വര്‍ഷത്തില്‍ നേടിയ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് ട്രോഫി, എഫ്എ കപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ് ട്രോഫി , ഒടുവില്‍ നേടിയ യുവേഫ സൂപ്പര്‍ കപ്പ് എന്നിവയാണ് മാളില്‍ പ്രദര്‍ശിപ്പിച്ചത്.  ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും നേട്ടങ്ങളായ ഈ ട്രോഫികള്‍ ആരാധകര്‍ക്കും കാണാന്‍ ഉതകുന്നരീതിയില്‍ കൊച്ചി ലുലുമാളില്‍ പ്രദര്‍ശനം നടത്തിയത്.

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രെബിള്‍ ട്രോഫിയുടെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ട്രോഫികള്‍ കൊച്ചിയില്‍ എത്തിയത്. ഈ സീസണിപല 3 പ്രധാന കിരീട നേട്ടമാണ് ട്രെബിള്‍ ട്രോഫിയായി ആഘോഷിക്കുന്നത്. മാളില്‍ പ്രദര്‍ശനത്തിന് വച്ച കപ്പ് കാണാന്‍ ആരാധകരുടേയും, മാളിലെത്തിയവരുടെയും തിരക്കായിരുന്നു. 600ന് മുകളില്‍ ആളുകളാണ് കപ്പിനരികില്‍ നിന്ന് ഫോട്ടോയും വീഡിയോയും പകര്‍ത്തിയത്.

ട്രോഫികളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചിംഗ് സ്റ്റാഫ് അഞ്ച് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ളകുട്ടികള്‍ക്ക് കോച്ചിംഗ് നല്‍കി. അതോടൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ രൂപം റുബിക്‌സ് ക്യൂബില്‍ തീര്‍ത്തതും കൗതുകമായി മാറിയിരുന്നു. ഇതിന് പുറമെ മാളില്‍ വച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലൈവ് മാച്ച് പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. മാളിലെ തീയറ്റര്‍സ്‌പേസിനകത്ത് വച്ച് നടക്കകുന്ന മാച്ച് പ്രദര്‍ശനം കാണാന്‍ മാളിലെത്തുന്നവര്‍ക്കും അവസരമൊരുങ്ങും.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആരാധകരെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച നാലു കപ്പുകള്‍
കൊച്ചി മറൈന്‍ ഡ്രൈവില്‍ വേമ്പനാട്ടുകായലിന്റെ തീരത്ത് കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചത് കൗതുകമായിരുന്നു. കേരളത്തിന്റെ മനോഹാരിതയില്‍ തിളങ്ങിയ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ട്രോഫി, എഫ്എ കപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ് ട്രോഫി ഒപ്പം, ഏറ്റവും ഒടുവില്‍ ടീം നേടിയ യുവേഫ സൂപ്പര്‍ കപ്പ് എന്നിവയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.്

വേമ്പനാട്ട് കായലിന്റെ പശ്ചാത്തലത്തിലുള്ള ട്രെബിള്‍ ട്രോഫി ഇമേജ് മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകമെമ്പാടും ചിത്രം ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയ പേജില്‍ കേരളത്തിന്റെ മനോഹാരിതയുമെത്തിയതോടെ ആരാധകരും ഇരട്ടി ആവോശത്തിലായി.

‘കൊച്ചിയിലെ വേമ്പനാട്ട് കായലില്‍ മനോഹരമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ട്രെബിള്‍ ട്രോഫി ടൂര്‍ നടത്തുന്നു’ എന്നാണ് പോസ്റ്റ്. കായലിന്റെ സായാഹ്ന ഭംഗിക്കൊപ്പം കേരള ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്നായ ഹൗസ് ബോട്ടും ചിത്രത്തിലുണ്ട്. ട്രെബിള്‍ ട്രോഫിയുടെ ലോക പര്യടനത്തിന്റെ ഭാഗമായി ട്രോഫികള്‍ ശനിയാഴ്ച കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് ചിത്രം പോസ്റ്റ് ചെയ്തത്.

3 ട്രോഫികളുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ജൂലൈയില്‍ ജപ്പാനില്‍ നിന്നും പര്യടനം തുടങ്ങിയത്. ദക്ഷിണ കൊറിയയും ഗ്രീസും യുകെയും ചൈനയും കടന്ന് ഇന്ത്യയിലെത്തുമ്പോള്‍ ട്രോഫിയുടെ എണ്ണം നാലായി. ഓഗസ്റ്റില്‍ സൂപ്പര്‍ കപ്പ് ജേതാക്കളായതോടെയാണ് പുതിയ കപ്പ് നേട്ടം. ”ഒരു സീസണില്‍ മൂന്നു കിരീട നേട്ടങ്ങള്‍ ശ്രമകരമായ കാര്യമാണ്. പരിശീലകന്‍ ഗ്വാര്‍ഡിയോളയുടെ മിടുക്കാണ് ഇതിനു കാരണം” ട്രോഫികളെ അനുഗമിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി മുന്‍താരം നേഡും അനൂഹ പറഞ്ഞു.

ലോകത്തെ പ്രധാന ഫുട്ബാള്‍ ക്ലബുകളിലൊന്ന് ട്രോഫികളുമായി കേരളത്തിലെത്തുന്നത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും അത് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യാനും തയാറായി എന്നത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഓണത്തിന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി സോഷ്യല്‍ മീഡിയയിലൂടെ ഓണം ആശംസിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ടിന്റെ ചിത്രത്തിനൊപ്പമായിരുന്നു മലയാളത്തിലുള്ള ഈ ആശംസ.

Exit mobile version