ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം പതിപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്സ് എന്ന പതിവ് ഇത്തവണയും തെറ്റിയില്ല.
എതിരാളികളായി ചിരവൈരികൾ കൂടിയായ ബെംഗളൂരു എത്തുമ്പോൾ മത്സരാവേശം കൊടുമുടി കയറും. യുവനിരയുമായി കളം പിടിക്കാനുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ് നടത്തിക്കഴിഞ്ഞു.മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ടീം വിട്ടെങ്കിലും കരുത്തുറ്റ വിദേശ താരങ്ങളെയും മോഹൻ ബഗാൻ നായകൻ പ്രീതം കോട്ടൽ അടക്കമുള്ള ഇന്ത്യൻ സൂപ്പർതാരങ്ങളെയും ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്. അവസാന സീസണിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച മുൻ ചാമ്പ്യന്മാർ കൂടിയായ ബെംഗളൂരു എഫ് സി കരുത്തുറ്റ ടീമുമായാണ് ഇത്തവണയും എത്തുന്നത്.
ഇന്ത്യൻ ടീമിനൊപ്പം ഏഷ്യൻ ഗെയിംസിനു പോയതിനാൽ നായകൻ സുനിൽ ഛേത്രി ആദ്യ മത്സരത്തിനു ഉണ്ടാവില്ല. ഐ ലീഗിൽ നിന്നും യോഗ്യത നേടിയെത്തിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഉൾപ്പെടെ ശക്തരായ 12 ടീമുകൾ ആകും ഇത്തവണ ഐഎസ്എല്ലിൽ ഏറ്റുമുട്ടുക. ലീഗ് ഘട്ടത്തില്‍ ആകെ 120 മത്സരങ്ങള്‍. പിന്നാലെ പ്ലേ ഓഫും, ഇരുപാദങ്ങളുള്ള സെമിയും ഫൈനലും. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്റെ ആദ്യ മത്സരം 23ന് പഞ്ചാബ് എഫ്സിക്കെതിരെയാണ്. ഈസ്റ്റ് ബംഗാളിനെതിരായ ബംഗാള്‍ ഡെര്‍ബി ഒക്ടോബര്‍ 28ന് നടക്കും.