മഞ്ചേരി: മകളെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയ മഞ്ചേരിക്കടുത്ത് എളങ്കൂർ ചാരങ്കാവിൽ താമസിക്കുന്ന ചോണംക്കോട്ടിൽ ശങ്കരനാരായണൻ (75) അന്തരിച്ചു. ഇന്നലെ രാത്രി ഒമ്പതരോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചക്ക് 12.30ഓടെ സംസ്കരിച്ചു.
2001 ഫെബ്രവരി ഒമ്പതിന് സ്കൂൾ വിട്ടുവരുന്ന വഴി ശങ്കരനാരായണന്‍റെ മകൾ കൃഷ്ണപ്രിയയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് പിടിയിലായ പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ, ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് കൊല്ലപ്പെട്ടു. ശങ്കരനാരായണൻ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു.ഭാര്യ: ശാന്ത കുമാരി. മറ്റുമക്കൾ: കൃഷ്ണ പ്രസാദ്, കൃഷ്ണ പ്രകാശ്. മരുമകൾ: ഗ്രീഷ്മ.
Leave feedback about this