നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാറിനെതിരായ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഫിലിം ചേംബര്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആന്റണി ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്. സിനിമാ സമരം അടക്കം ജി സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആന്റണി പെരുമ്പാവൂരിനെ ചൊടിപ്പിച്ചത്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘എമ്പുരാന്‍’ സിനിമയുടെ ബജറ്റിനെ കുറിച്ചടക്കം സുരേഷ് കുമാര്‍ പറഞ്ഞത് ആന്റണിയെ പ്രകോപിപ്പിച്ചിരുന്നു. സിനിമാ സമരത്തിനെതിരായ നിലപാടായിരുന്നു ആന്റണി പെരുമ്പാവൂര്‍ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു. ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി.
പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് എന്നിവരടക്കമുള്ള താരങ്ങള്‍ ആന്റണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ സിനിമാ സംഘടനകള്‍ തമ്മിലുള്ള പോര് വ്യക്തമാവുകയായിരുന്നു. പിന്നാലെ ആന്റണിയെ തള്ളി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തി. പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ആന്റണിക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് കത്ത് അയക്കുകയും ചെയ്തു.
ഇതിനിടെ ഫിലിം ചേംബര്‍ സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്റെ റിലീസ് ദിവസം, മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മാര്‍ച്ച് 27ന് അല്ല സൂചനാ പണിമുടക്ക് എന്ന് വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത്.
Leave feedback about this