തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുതിർന്ന നേതാവ് രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് രാജീവിനെ തെരഞ്ഞെടുത്തത്.
ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. കെ. സുരേന്ദ്രന്റെ ഒഴിവിലേക്ക് കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചതു രാജീവിന്റെ പേരാണ്. ഈ നിർദേശം യോഗം അംഗീകരിച്ചെന്നാണു റിപ്പോർട്ട്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, വി. മുരളീധരന് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു.
ഇനി നടക്കുന്നതെല്ലാം നടപടിക്രമങ്ങള്‍ മാത്രമായിരിക്കും. ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയമാണ്. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നതിനാല്‍ പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ അധ്യക്ഷനെ അറിയാനാകും. ഈ മാസം അവസാനത്തോടെ പുതിയ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുക്കുമെന്നാണു സൂചന.
രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭയിലെത്തി. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.
1964ല്‍ അഹമ്മദാബാദിൽ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എം.കെ. ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായാണ് രാജീവിന്റെ ജനനം. തുടർന്ന് ബംഗളൂരുവിൽ ബിസിനസ് രംഗത്തിറങ്ങി.
1994ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലും 2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റലും രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021 ല്‍ കേന്ദ്രസഹമന്ത്രിയായി.
Leave feedback about this