മഞ്ചേരി: മൈസൂരിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാംപ്രതി ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. രണ്ടാംപ്രതി ശിഹാബുദ്ദീന്‍, ആറാംപ്രതി നിഷാദ് എന്നിവരും കുറ്റക്കാരാണ്. ബാക്കിയുള്ളവരെ വെറുതേവിട്ടു. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഡാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ശിക്ഷ മറ്റന്നാള്‍ വിധിക്കും. കേസില്‍ 12 പേരെ വെറുതേവിട്ടു. മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനാകാത്ത കേസില്‍ കേരളത്തിലെ ആദ്യത്തെ ശിക്ഷയെന്നാണ് പോലീസ് പ്രതികരിച്ചത്. ഒരാള്‍ മാപ്പുസാക്ഷിയായ കേസില്‍ 15 പേരെയാണ് പോലീസ് പ്രതിചേര്‍ത്തത്. ഷെബിന്‍ അഷ്‌റഫിന്റെ ഭാര്യ ഹസ്‌ന അടക്കം 13 പേര്‍ വിചാരണ നേരിട്ടു. പ്രതികളില്‍ ഒരാളായ കുന്നേക്കാടന്‍ ഷമീം ഇപ്പോഴും ഒളിവിലാണ്. ഒളിവിലായിരുന്ന മറ്റൊരുപ്രതി മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ മരണപ്പെട്ടു. ഏഴാംപ്രതി ബത്തേരി തങ്ങളകത്ത് നൗഷാദിനെ മാപ്പുസാക്ഷിയാക്കി. ഷാബാഷെരീഫിന്റെ ഭാര്യ ജിബിന്‍ താജാായിരുന്നു പ്രധാനസാക്ഷി.
ഇവര്‍ മൈസൂരിലെ വീട്ടില്‍ നിന്നും ഷെരീഫിനെ തട്ടിക്കൊണ്ടു പോയ ബത്തേരി സ്വദേശി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍, ഒന്നാംപ്രതി ഷൈബിന്‍ അഷ്‌റഫ് എന്നിവരെ തിരിച്ചറിഞ്ഞിരുന്നു. 2019 ഓഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോര്‍ത്താനാണ് ഷാബാ ഷെരീഫിനെ മൈസൂരിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു വന്നത്. ഷൈബിന്റെ വീട്ടില്‍ താമസിപ്പിക്കുകയും 2020 ഒക്‌ടോബര്‍ 8 ന് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്. നാവികസേനയുടെ സംഘത്തെ അടക്കം ഇറക്കിയിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല.
Leave feedback about this