breaking-news Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇടതുമുന്നണി; 17 സീറ്റുകൾ നേടി എൽ.ഡി.എഫ്; 12 ഇടത്ത് യു.‍ഡി.എഫും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇടതുമുന്നണി. തെരഞ്ഞെടുപ്പ് നടന്ന 30 വാര്‍ഡുകളില്‍ ഫലം പുറത്തുവന്നപ്പോള്‍ ഇടതുപക്ഷം 17 സീറ്റുകളിലും യുഡിഎഫ് 12 ഇടത്തും വിജയം നേടിയപ്പോള്‍ എസ്ഡിപിഐ ഒരിടത്ത് ജയിച്ചുകയറി. ബിജെപിയ്ക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.

13 ജില്ലകളിലെ 30 വാര്‍ഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ എതിരാളികള്‍ ഇല്ലാതെ തന്നെ എല്‍ഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാര്‍ഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐ ജയിച്ച ഏകസീറ്റ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ ജയിച്ചു.

തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലെ പുളിങ്കോട് വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡിഎഫും കരുംകുളം പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ സിറ്റിംഗ്‌സീറ്റ് യുഡിഎഫും പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൈദ് സബര്‍മതിയും യുഡിഎഫിനായി സേവ്യര്‍ ജെരോണുമാണ് അട്ടിമറി നടത്തി സീറ്റ് പിടിച്ചത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കല്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചല്‍ ഡിവിഷനിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷന്‍ സിപിഐഎമ്മിലെ വത്സമ്മ വിജയിച്ചു.

ആലപ്പുഴ ജില്ലയില്‍ അയിരൂര്‍ ഗ്രാമപഞ്ചായത്ത് തടിയൂര്‍, മുട്ടാര്‍ പഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് വാര്‍ഡിലേക്കുമായിരുന്നു ഉപതെരഞ്ഞെടുപ്പ്. രണ്ടിത്തും യുഡിഎഫ് ജയിച്ചു. മിത്രക്കരി ഈ സ്റ്റില്‍ 15 വോട്ടിനായിരുന്നു ജയം. ഇടമുളയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കര വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിലെ പ്രയാര്‍ തെക്ക് ബി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കുലശേഖരപുരം കൊച്ചുമാംമൂട് വാര്‍ഡില്‍ എല്‍ഡിഎഫ് ഇവിടെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നഗരസഭയിലെ 13-ാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. അതേ സമയം പായിപ്ര പഞ്ചായത്തിലെ 10-ാം വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. കോതമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അമല്‍ രാജ് 461 വോട്ട് നേടി വിജയിച്ചു. പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡിലേയ്ത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 40 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഇവിടെ എല്‍ഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാമത് എത്തി. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവം മേട് വാര്‍ഡ് എല്‍ഡിഎഫ് നേടി. ഇതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റ് വീതമായി. പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാര്‍ഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും പുറമറ്റം പഞ്ചായത്തിലെ ഗാലക്‌സി വാര്‍ഡിലേയ്ക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video