breaking-news World

ഡോക്കിങ്ങ് നടുപടികൾ പൂർത്തിയായി; സ്പേസ് സെന്ററിൽ നിന്ന് യാത്ര തിരിച്ച് സുനിതാ വില്യംസ്

ഫ്ലോറിഡ: ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഭൂമിയില്‍ ഇറങ്ങും. യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍മൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്.

ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐഎസ്‌ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങ്ങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ആണ് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കും. പാരാഷൂട്ടുകള്‍ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. പുലര്‍ച്ചെ 3.27-ന് പേടകം ഭൂമിയില്‍ ഇറങ്ങും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ അറിയിച്ചു.

സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video