കോട്ടയം: സി.പി.എം നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അടിമുടി ദുരൂഹത ഉയരുന്നു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് കലാ രാജു പറഞ്ഞതിനെ തുടർന്നാണിതാണ് ആശുപത്രി പ്രവേശനം.
സംഭവത്തിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയും നഗരസഭ ചെയർപേഴ്സനുമടക്കം 45 പേർക്കെതിരെയാണ് കേസ്. നഗരസഭ വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരും പ്രതികളാണ്. കലാ രാജുവിന്റെ മക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്.
സംഭവത്തിൽ വിശദീകരണവുമായി സിപിഎം രംഗത്തെത്തി. സിപിഎമ്മിന്റെ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുെവന്നും ഇതു പ്രകാരമാണ് കലാ രാജുവും പാർട്ടി ഓഫിസിലെത്തിയതെന്നും നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞു. ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ എല്ലാവരും വീട്ടിൽപ്പോയി. ആരും ആരെയും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എൽഡിഎഫ് ഭരണ സമിതിക്കെതിരെ ശനിയാാഴ്ച അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണു കലാ രാജുവിനെ കടത്തിക്കൊണ്ടു പോയെന്ന പരാതി ഉയർന്നത്. യുഡിഎഫിന് അനുകൂലമായാണ് കലാ രാജു വോട്ട് ചെയ്യാനിരുന്നത്. നഗരസഭ ചെയർപഴ്സന്റെ ഔദ്യോഗിക വാഹനത്തിൽനിന്നു കൗൺസിലറെ കടത്തിക്കൊണ്ടുപോയെന്നായിരുന്നു പരാതി.നഗരസഭയ്ക്കുള്ളിലേക്ക് യുഡിഎഫ് കൗൺസിലർമാരെ കയറാൻ സമ്മതിക്കാതെയാണ് എൽഡിഎഫ് അംഗങ്ങൾ പ്രശ്നമുണ്ടാക്കിയിരുന്നു. മുൻ മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർ സ്ഥലത്തെത്തി. പ്രവർത്തകർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു.
Leave feedback about this