ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് തന്റെ പുസ്തകമയച്ചു നൽകി യുഎഇ ഭരണാധികാരി. ജ്ഞാനമാണ് പങ്കിടുന്തോറും സമ്പന്നമാകുന്നതെന്ന കുറിപ്പു നൽകിയാണ് യുഎഇ ഭരണാധികാരി തന്റെ പുസ്തകം എംഎ യൂസഫലിക്ക് അയച്ചുകൊടുത്തത്. പുസ്തകം കൈപ്പറ്റി യൂസഫലി തനിക്ക് പുസ്തകമയച്ചതിൽ സന്തോഷവും അഭിമാനവും പങ്കുവച്ച് സമൂഹമാധ്യങ്ങളിൽ ഈ വിവരം പങ്കുവയ്ക്കുകയും ചെയ്തു.
യുഎഇയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ പുസ്തകമായ ‘ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ’ എന്ന തന്റെ പുസ്തകമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിക്ക് അയച്ചുകൊടുത്തത്. ഒരു ചെറു കുറിപ്പും തന്റെ കയ്യൊപ്പും ചേർത്തായിരുന്നു അദ്ദേഹം പുസ്തകം അയച്ചത്. “പ്രിയപ്പെട്ട യൂസഫലി, ജ്ഞാനം മാത്രമാണ് നമ്മൾ പങ്കിടുന്തോറും സമ്പന്നമാകുന്ന ഒരേയൊരു പൈതൃകം.”- എന്ന കുറിപ്പായിരുന്നു അദ്ദേഹം യൂസഫലിക്കായി കുറിച്ചത്.
തനിക്ക് പുസ്തകം അയച്ചു നൽകിയതിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചാണ് യൂസഫലി തന്റെ മറുപടി കുറിപ്പ് എഴുതിയിരിക്കുന്നത്. അറിവും വിജ്ഞാനവും കൊണ്ട് അനുഗ്രഹീതനായ ദീർഘവീക്ഷണമുള്ള നേതാവിന്റെ പുസ്തകത്തിൽ നിന്ന് ഇന്നത്തെ തലമുറയ്ക്കും വരും തലമുറകൾക്കും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് യൂസഫലി പറയുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കയ്യൊപ്പു ചാർത്തിയ പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചാണ് യൂസഫലിയുടെ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിരിക്കുന്നത്.
