loginkerala Trending ഫീകരനാണവന്‍… കൊടും ഫീകരന്‍’; ആരാണീ കടല്‍രാക്ഷസന്‍?
Trending World

ഫീകരനാണവന്‍… കൊടും ഫീകരന്‍’; ആരാണീ കടല്‍രാക്ഷസന്‍?

യുകെ (UK) ഡോര്‍സെറ്റിലെ (Jurassic Coast in Dorset, England) കടല്‍ത്തീരത്ത് നടക്കുമ്പോള്‍ ആറരയടിയോളം നീളമുള്ള ഒരു തലയോട്ടി ഫോസില്‍ ഗവേഷകനായ ഫില്‍ ജേക്കബ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ വലിപ്പം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. ഉടന്‍തന്നെ തന്റെ സുഹൃത്തും പാലിയന്റോളജിസ്റ്റുമായ സ്റ്റീവ് എച്ചസിനെ അദ്ദേഹം വിളിച്ചുവരുത്തി. ഇരുവരും ചേര്‍ന്ന് ഫോസിലിന്റെ ഭാഗങ്ങള്‍ അവിടെനിന്നു പുറത്തെടുത്തു.

കണ്ടെത്തിയ തലയോട്ടിയും ഭാഗങ്ങളും നിസാരക്കാരനായ ജീവിയുടേതല്ല. ചരിത്രാതീതകാലത്തെ ‘കടല്‍ രാക്ഷസന്‍’ പ്ലിയോസറിന്റെ (pliosaur) തലയോട്ടിയാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. അവശിഷ്ടങ്ങള്‍ പുതിയ ഇനത്തില്‍പ്പെട്ടതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പതിനാറ് മീറ്ററോളം വളരുന്ന പ്ലിയോസര്‍ വര്‍ഗത്തില്‍പ്പെട്ട ജലഭീമന്റേതാണ് ഫോസില്‍ എന്നു ഗവേഷകര്‍ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നു. ചെറുതായി വികലമാണെങ്കിലും പ്ലിയോസറിന്റെ എല്ലാ അസ്ഥികളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

65.5 ദശലക്ഷം മുതല്‍ 200 ദശലക്ഷം വര്‍ഷം മുമ്പ് ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ഭീമാകാരമായ സമുദ്ര ഉരഗങ്ങളായിരുന്നു പ്ലിയോസറുകള്‍. വലിയ തലയും ആമയെപ്പോലെയുള്ള നാല് ഫ്‌ളിപ്പറുകളും 130 കൂറ്റന്‍ കൂര്‍ത്ത പല്ലുകളുമുള്ള പ്ലിയോസര്‍ ഒറ്റ കടിയില്‍ ഇരയെ കൊല്ലാന്‍ കഴിവുള്ള ഉഗ്രവേട്ടക്കാരായിരുന്നു. ഇംഗ്ലണ്ടിലെ കിമ്മെറിഡ്ജില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീവ് എച്ചസിന്റെ മ്യൂസിയമായ എച്ചസ് കളക്ഷനിലെ പ്ലിയോസോറസ് കെവാനി എന്ന ഇനത്തിന് ഏകദേശം 50,000 ന്യൂട്ടണുകളുടെ ശക്തിയുണ്ടായിരിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കടല്‍രാക്ഷസന്റെ ഫോസിലുകളുമായി ബന്ധപ്പെട്ടു തുടര്‍പഠനങ്ങള്‍ നടക്കുകയാണ്.

Exit mobile version