breaking-news Kerala

വി.ഡി.സതീശൻ പടിപ്പുരകൾ തകർക്കുമ്പോൾ; ഉണ്ണി കെ.വാര്യർ എഴുതുന്നു

വി.ഡി.സതീശനുമായി വളരെ കാലത്തെ അടുപ്പമുണ്ട്. ഒരിക്കൽപോലും എന്തെങ്കിലും വാർത്ത കൊടുക്കാനായി വിളിച്ചുണ്ടായ അടുപ്പമല്ല. ഇന്നേവരെ അത് ആവശ്യപ്പെട്ടിട്ടുമില്ല.

സതീശനെ വെള്ളാപ്പിള്ളി നടേശൻ തുടർച്ചയായി തെറി വിളിക്കുന്ന സമയത്തു തിരിച്ചു പറയാത്തത് എന്തെന്നു ചോദിച്ചിട്ടുണ്ട്. ചീർത്ത തവള, പന്നൻ എന്നുവരെ വെള്ളാപ്പിള്ളി വിളിച്ചു. ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു, ഞാനതു പറയേണ്ട സമയത്തു പറയും. മനസ്സൊന്നു പാകപ്പെടട്ടെ എന്ന്. 90 വയസ്സായവരെ വേദനിപ്പിക്കരുതല്ലോ. അതു പ്രായം ചെന്നവരോടുള്ള സതീശന്റെ കരുതലായിരുന്നു. നടക്കാൻപോലും പര സഹായം വേണ്ടവരെ തള്ളി വീഴ്ത്തരുതല്ലോ.

പക്ഷേ ഒരു തിരഞ്ഞെടുപ്പു യോഗത്തിൽവച്ചു വി.ഡി.പരസ്യമായി പറഞ്ഞു, എന്നെ എന്തു വിളിച്ചാലും കുഴപ്പമില്ല, വർഗീയ ലക്ഷ്യത്തോടെ പെരുമാറുന്ന ഇവരുടെ പിന്തുണ തേടി ഞാൻ പോകില്ല. ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു, ഞാൻ വിജയിച്ചാൽ പറവൂരുകാർക്ക് പറയാം, ഞങ്ങളുടെ എം.എൽ.എ. വർഗീയ സമുദായ നേതാക്കൾക്കു മുന്നിൽ ഇഴയാത്ത എം.എൽ.എ.ആണെന്ന്. കേരളത്തിലെ ആരും ഇതു പറയാൻ ചങ്കൂറ്റം കാണിച്ചിട്ടില്ല. ഇ.എം.എസ് തുടങ്ങി താഴോട്ട് ആരും ഇതേക്കുറിച്ചു പറയാൻ ധൈര്യപ്പെട്ടിട്ടുമില്ല. പിണറായി ആകട്ടെ നടേശനു കാർ തുറന്നു കൊടുത്തു. സുകുമാരൻ നായരെ ആരും കാണാതെ ആലിംഗനം ചെയ്തു. ആ സമയത്താണ് വി.ഡി.ഇതു പറഞ്ഞത്.

പറവൂരിൽ വോട്ടു ചെയ്യാനാകുന്നില്ലല്ലോ എന്നു അന്നു വേദന തോന്നിയത് അന്നാണ്. വർഷങ്ങൾക്കു ശേഷമൊരു നേതാവിനെ കാണുകയായിരുന്നു. ലീഗിനെ തന്തയ്ക്കു വിളിച്ചതിനും കൂടി ചേർത്തു രണ്ടു പേർക്കും കൊടുത്ത മറുപടിയായിരുന്നു ഇത്. യു.ഡി.എഫ് 100 സീറ്റു നേടി താൻ എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്നു പറഞ്ഞ നടേശൻ ഇപ്പോൾ കിടന്ന് ഉരുളുന്നു. നടേശാ, സുകുമാരാ താനെല്ലാം കോൺഗ്രസ്സിന്റെ കാര്യത്തിൽ ഇടപെടാൻ ആരോടോ എന്നാണു സതീശൻ പരസ്യമായി ചോദിച്ചത്. കേരളം പിന്നീടു ചോദിച്ചതും അതാണ്. കേരളത്തിനു വേണ്ടതും ഇതുപോലെ ഒരു മനുഷ്യനെയായിരുന്നു. സമുദായ നേതാക്കളുടെ പടിപ്പുരയിൽപോയി ഉരുളാത്ത നേതാവിനെ.

സതീശൻ നല്ല മുഖ്യമന്ത്രി ആയാലും ഇല്ലെങ്കിലും രണ്ടു വർഗീയ പടിപ്പുരകൾ ഇടിച്ചു തകർത്തു എന്നതു ചരിത്രത്തിൽ ബാക്കിയാകും.

ലേഖകൻ

ഉണ്ണി കെ.വാര്യർ
മലയാള മനോരമ മുൻ ബ്യൂറോ ചീഫ്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video