ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ മേടിക്കുന്നതിലും ഇരട്ടി തുക ഹണി റോസ് ഒരു വർഷം ഉദ്ഘാടനത്തിലൂടെ സമ്പാദിക്കുന്നുണ്ടെന്ന് സംവിധായകൻ വിനയൻ. ഹണി റോസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘റേച്ചൽ’ സിനിമയ്ക്ക് ആശംസകളുമായി എത്തിയതായിരുന്നു അദ്ദേഹം.
‘റേച്ചൽ ഞാൻ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയ ചിത്രമാണ് റേച്ചൽ. വളരെ കഷ്ടപ്പെട്ട് ചെയ്ത് ഇറക്കുന്നൊരു പടം. ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്ത സിനിമകളൊക്കെ ഭാവിയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. എന്റെ അനുഭവമാണിത്. ഇങ്ങനെ ഒരു വിഷയം തെരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദനം അറിയിക്കുകയാണ്.
2002, 2003ലോ മറ്റോ ആണ് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഹണി റോസ് എന്നെ വന്ന് കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാൻ പറഞ്ഞു അവൾ കുറച്ചുകൂടി വലുതാകട്ടെ എന്ന്.
പിന്നീട് രണ്ട് മൂന്ന് വർഷം കഴിഞ്ഞാണ് പുതിയ ആൾക്കാരെ വച്ച് ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രം ചെയ്യാം, മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചർച്ച നടക്കുന്നത്. അപ്പോഴാണ് ഹണിയുടെ അച്ഛൻ വരുന്നതും ഒടുവിൽ ഹണി സിനിമയുടെ ഭാഗമാകുന്നതും.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിന്റെ കൂടുതൽ പൈസ ഹണി ഒരു വർഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല.
ചെറിയ സിനിമകൾ വലിയ വിജയമാകുമ്പോഴാണ് വലിയൊരു സന്തോഷം നമുക്കുണ്ടാകുന്നത്. ആദ്യകാലത്ത് ഞാൻ കോമഡി സിനിമകൾ ചെയ്ത ആളാണ്. പിന്നീട് ‘ആകാശഗംഗ’ എന്ന ഹൊറർ ചിത്രം ചെയ്തു.
പക്ഷേ അവയേക്കാളൊക്കെ മനസിൽ നിൽക്കുന്നത് വെറും 35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും ആണ്. അന്നത്തെ കാലത്ത് ആ സിനിമ മൂന്നര കോടി രൂപ കളക്ട് ചെയ്തുവെന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതുപോലെ റേച്ചൽ വലിയൊരു വിജയമാകട്ടെ.’’ വിനയൻ പറഞ്ഞു.
