തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതത്തിന് പ്രതി അഫാൻ ഉപയോഗിച്ചത് ഒരേ ചുറ്റികയാണെന്ന് പ്രാഥമിക നിഗമനം. ബന്ധുക്കളും കാമുകിയും ഉൾപ്പെടെ അഞ്ചുപേരെയും തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. തലയിൽ അടിയേറ്റ ക്ഷതമുണ്ട്. വെഞ്ഞാറമൂട്ടിലെ കടയിൽ നിന്ന് അഫാൻ തന്നെ വാങ്ങിയ ചുറ്റികയാണ് കൊലക്ക് ഉപയോഗിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് പറയാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ആവശ്യമാണെന്ന് ഡി.വൈ.എസ്.പി അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയുടെ പിതൃസഹോദരൻ ലത്തീഫിനെയാണെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. 20 തവണ തലക്കടിച്ചുവെന്നാണ് കണ്ടെത്തൽ. ഒരുമാസമായി മദ്യപിക്കാറുണ്ടായതായി പ്രതി ഡോക്ടർമാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പ്രതി നൽകുന്ന വിവരങ്ങൾ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.അതേസമയം, പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതി സ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ വൈകീട്ട് നാലുമണിവരെ ആറു മണിക്കൂറിനുള്ളിലാണ് പ്രതി അഞ്ച് കൊലപാതകങ്ങൾ നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതെന്നാണ് പൊലീസ് നിഗമനം. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. അർബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനാൽ ആക്രമിച്ചുവെന്നുമാണ് മൊഴി. ഗുരുതര പരിക്കേറ്റ ഇവർ വെന്റിലേറ്ററിലാണ്. തുടർന്ന് ഉച്ച 1.15ന് അഫാൻ താമസിക്കുന്ന പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇവരുടെ സ്വർണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോൾ പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
Leave feedback about this