വൈക്കം: എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തലയാഴം സ്വദേശി മക്കൻ ചെല്ലപ്പൻ പാർട്ടിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്ത്. ചൊവ്വാഴ്ചയാണ് കർഷകനും സിപിഐ അനുഭാവിയുമായ മക്കൻ ചെല്ലപ്പനെ (67) തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ വൈക്കത്തെ സിപിഐക്കെതിരെയും പ്രവർത്തകർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയിൽ മക്കൻ ചെല്ലപ്പൻ പറയുന്നുണ്ട്. തന്നെ സിപിഐക്കാർ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനവും തനിക്കറിയാമെന്നും ഇദ്ദേഹം വീഡിയോയിൽ പറയുന്നു.
രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഇരയായ കാര്യവും അദ്ദേഹം 25.37 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ കാർഷിക ഗവേഷണങ്ങളെയും നഴ്‌സറിയെയും തകർക്കാൻ സിപിഐ നേതാക്കൾ നിരന്തരം ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. വെന്തകരിയിലെയും കാരപ്പുറത്തെയും കൃഷികൾ പലപ്പോഴായി വെട്ടി നശിപ്പിക്കപ്പെട്ടു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ താൻതന്നെ കൃഷി നശിപ്പിച്ചതാണെന്ന് രാഷ്ട്രീയക്കാർ പ്രചരിപ്പിച്ചു. 2010-ൽ വഴിത്തർക്കവുമായി ബന്ധപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിന് മുൻപിൽ താൻ നടത്തിയ നിരാഹാര സമരം സിപിഐയുടെ കൂടുതൽ ശത്രുതയ്ക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
