തൃശൂർ: ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ചെമ്പടമേളവും പഞ്ചവാദ്യവും വെടിക്കെട്ടും ആനയും എല്ലാം ഒന്നിച്ചാർക്കുന്ന തൃശൂരിൽ ഇനിയുള്ള അഞ്ചു നാളുകൾ കലയുടെ പൂരാവേശം. ബുധനാഴ്ച മുതൽ 25 വേദികളിലായി 15,000ത്തോളം കൗമാരപ്രതിഭകൾ 249 ഇനങ്ങളിലായി കലയുടെ വർണം തീർക്കുമ്പോൾ കേരളം പുതുകാലപ്രതിഭകളെ കണ്ടെത്തും.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ പത്തിന് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ ഒന്നാം വേദിയായ ‘സൂര്യകാന്തി’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച സമാപിക്കും. കലയുടെ ഉപചാരം ചൊല്ലിപ്പിരിയലിന് മലയാളത്തിന്റെ മഹാനടൻ മോഹൻലാലും എത്തും. ഉദ്ഘാടനത്തിന് പിന്നാലെ മോഹിനിയാട്ടം, പണിയനൃത്തം, മിമിക്രി, ലളിതഗാനം, ചാക്യാർകൂത്ത്, അറബനമുട്ട്, തുള്ളൽ തുടങ്ങിയവയോടെ കലയുടെ വെടിക്കെട്ട് ഉയരും. അഞ്ച് പകലിരവുകളിൽ കല നൃത്തമാടുമ്പോൾ കാഴ്ചക്കാർക്കും അതൊരു പൂരത്തിനു മുമ്പുള്ള പൂരമായി മാറും.
