സംസ്ഥാന മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻ്റ് ഉണ്ണി ബാലകൃഷ്നു സമ്മാനിച്ചു
. പി.ആർ.സുകുമാരൻ, കെ.സി. ശിവദാസ്, വിബിക്സ് ചേലക്കര, മനോജ് തൈക്കാട്ട്, റിയ മേരി, കെ.ആർ. ശശികുമാർ, എൻ.എം.സരീഷ് എന്നിവർക്കു ജില്ലാ പുരസ്കാരങ്ങൾ സമ്മാനിച്ചു
ചാലക്കുടി : കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാത്തവർ സിനിമയിലായാലും രാഷ്ട്രീയത്തിലായാവും പുറന്തള്ളപ്പെടുമെന്നതു യാഥാർഥ്യമാണെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ അഭിപ്രായപ്പെട്ടു. മൺമറഞ്ഞ മാധ്യമപ്രവർത്തകരെ അനുസ്മരിക്കാനായി ചാലക്കുടി പ്രസ് ഫോറം ഒരുക്കിയ ‘പ്രണാമം 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാഷ്ട്രീയം ചരിത്രത്തിൻ്റെ ആവർത്തനമാണമെന്നും ചരിത്രത്തിൻ്റെ വിലയിരുത്തലാണു രാഷ്ട്രീയ വിജയങ്ങളുടെ രഹസ്യമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. പെട്ടെന്നു കാര്യങ്ങൾ മാറിമറിയാം. രണ്ടാഴ്ച കൊണ്ടു രാഷ്ട്രീയമാകെ പ്രവചിക്കാൻ കഴിയാത്ത വിധം മാറിമറിയാറുണ്ടെന്ന് എന്റെ അഛൻ പറയാറുണ്ട്. മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തിലാകെ അഭിമാനിക്കാവുന്ന മാധ്യമ പ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണനാണ് ചാലക്കുടി പ്രസ് ഫോറം അവാർഡ് നൽകുന്നത് എന്നത് അവാർഡിൻ്റെ മൂല്യം വർധിപ്പിക്കുകയാണെന്നും ഓരോ വർഷവും മുടക്കമില്ലാതെ പ്രസ് ഫോറം മൺമറഞ്ഞ മാധ്യമ പ്രവർത്തകരെയെല്ലാം ആദരിക്കാൻ പരിപാടി സംഘടിപ്പിക്കുന്നു എന്നതു മാധ്യമസമൂഹത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
സമഗ്ര സംഭാവനയ്ക്കുള്ള മധു സമ്പാളൂർ സ്മാരക സംസ്ഥാന മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എഡിറ്റോറിയൽ കൺസൾട്ടന്റ് ഉണ്ണി ബാലകൃഷ്ണൻ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തനരംഗത്ത് കാൽനൂറ്റാണ്ടു തികച്ച പ്രസ് ഫോറം സ്ഥാപക പ്രസിഡന്റും മലയാള മനോരമ ലേഖകനുമായ ലാലുമോൻ ചാലക്കുടിയെ മന്ത്രി ആദരിച്ചു.
പ്രാദേശിക മാധ്യമ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പി.എൻ.കൃഷ്ണൻ നായർ സ്മാരക ജില്ലാ മാധ്യമ പുരസ്കാരം കേരള കൗമുദി ഇരിങ്ങാലക്കുട ലേഖകൻ വി.ആർ.സുകുമാരനും സി.കെ.പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി.ശിവദാസിനും പൗലോസ് താക്കോൽക്കാരൻ സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്കാരം ചേലക്കര സിസിവി ന്യൂസ് ചാനലിലെ വിബിക്സ് ചേലക്കരയ്ക്കും എ.പി.തോമസ് സ്മാരക ജില്ലാ വാർത്ത ചിത്ര പുരസ്കാരം കേരള കൗമുദി ചെറുതുരുത്തി ലേഖകൻ മനോജ് തൈക്കാട്ടിനും കൊല്ലാടിക്കൽ രാജൻ സ്മാരക ജില്ലാ വനിതാ വാർത്താവതാരക പുരസ്കാരം പുതുക്കാട് എൻസിടിവിയിലെ ന്യൂസ് റീഡർ റിയ മേരിക്കും പുഞ്ചപ്പറമ്പിൽ കണ്ണൻ സ്മാരക ജില്ലാപുരുഷ വാർത്താവതാരക പുരസ്കാരം കൊടകര കെസിവിയിലെ കെ.ആർ.ശശികുമാറിനും കെയർകേരള ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള ജില്ലാ പുരസ്കാരം പുതുക്കാട് ന്യൂസിലെ എൻ.എം.സരീഷിനും മന്ത്രി സമ്മാനിച്ചു.
പ്രസ് ഫോറം പ്രസിഡൻ്റ് അഡ്വ.രമേഷ്കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം സി.കെ.പോൾ അനുസ്മരണ പ്രഭാഷണം നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചിറക് പദ്ധതിയുമായി സഹകരിച്ചു ചാലക്കുടി നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് അവാർഡ് നൽകി ആദരിച്ചു. എംഎൽഎ ഉപഹാര സമർപ്പണം നടത്തി. ചികിത്സാ ധനസഹായ വിതരണം നഗരസഭാധ്യക്ഷ ആലീസ് ഷിബുവും അംഗങ്ങൾക്കുള്ള എക്സലൻസ് അവാർഡ് വിതരണം റബർ ബോർഡ് മുൻ വൈസ് ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണനും നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി പൗലോസ്, നഗരസഭാ ഉപാധ്യക്ഷൻ കെ.വി.പോൾ, നഗരസഭാ പ്രതിപക്ഷ നേതാവ് ജിൽ ആൻ്റണി, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ലീല സുബ്രഹ്മണ്യൻ, കെ.സി.മനോജ്, പോളി പുളിക്കൻ, സുനന്ദ നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ കെ.മേനോൻ, കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളി തോമസ്, പ്രസ് ഫോറം സെക്രട്ടറി സുനിൽ സരോവരം, ജനറൽ കൺവീനർ വിത്സൻ മേച്ചേരി എന്നിവർ പ്രസംഗിച്ചു.
ചീഫ് കോഓർഡിനേറ്റർമാരായ ഷാലി മുരിങ്ങൂർ, പി.എ.ഫൈസൽ, ആഷിൻ പോൾ, എക്സി. അംഗം അക്ഷര ഉണ്ണിക്കൃഷ്ണൻ, മുൻ പ്രസിഡന്റുമാരായ മധു ചിറയ്ക്കൽ, കെ.എൻ.വേണു. എൻ.ആർ.സരിത, തോമസ് കോമ്പാറ, ഭരിത പ്രതാപ്, ഭാരവാഹികളായ എം.എസ്.സദാനന്ദൻ, ജെനിൽ ജെയ്സൺ, ലിക്സൺ വർഗീസ്, ലിജോയ് കെ.ജോയ്, നെൽസൻ ഫ്രാൻസിസ്, കെ.ബി.ബിനേഷ്, പി.എസ്.രാഹുൽ, റോസ്മോൾ ഡോണി എന്നിവർ നേതൃത്വം നൽകി.
സി.കെ.പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്കാരം
കെ സി ശിവദാസ്
…..ചാവക്കാട്…….. ബ്ലാങ്ങാട് കുഞ്ഞിക്കോന്നൻ വീട്ടിൽ ചന്തുണ്ണിയുടെയും ആലിൽ രംഭയുടെയും മൂത്ത മകനായി ജനനം. അഖിലകേരള ബാലജന സഖ്യം ചാവക്കാട് യൂണിയൻ സെക്രട്ടറി പ്രസിഡണ്ട്, മധ്യമേഖലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരളത്തിലെ ഏറ്റവും വലിയ പ്രസംഗ മത്സരമായ പി.സി അലക്സാണ്ടർ എൻഡോമെന്റ് ജേതാവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ ഇന്റർ സോൺ പ്രസംഗം മത്സര ജേതാവ്, സംസ്ഥാന കേരള ഉത്സവം ഒന്നാം സമ്മാനം, സംസ്ഥാന ക്വിസ് മത്സരം വിജയി, ഡോ. സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ സംസ്ഥാന പ്രസംഗ മത്സര വിജയി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കി. കേരള സ്കൂൾ, സിബിഎസ്ഇ ഉപജില്ല റവന്യൂ ജില്ലാ കലോത്സവങ്ങളിൽ പ്രസംഗം ഉപന്യാസരചന തുടങ്ങിയ ഇനങ്ങളിൽ 20 വർഷമായി വിധികർത്താവാണ്. 1993 മുതൽ 95 വരെ മംഗളം ദിനപത്രത്തിന്റെ ചാവക്കാട് ലേഖകനായിരുന്നു. 95 മുതൽ 2003 വരെ പ്രവാസിയായിരുന്നു.

യുഎഇയിലെ വിവിധ മലയാളി സംഘടനകളുടെപ്രവർത്തനങ്ങളിൽ പങ്കാളിയായി. 2005 മുതൽ മലയാള മനോരമയുടെ ചാവക്കാട് ലേഖകനാണ്. നിരീക്ഷണ പാഠവും ശ്രദ്ധയും സൂക്ഷ്മതയും വാർത്തകൾ കണ്ടെത്തുന്നതിനുള്ള സവിശേഷ ജാഗ്രതയും ആണ് ഒരു മാധ്യമപ്രവർത്തകന്റെ പ്രതിഭയ്ക്ക് ആധാരമാകുന്നത്. ഈ വൈവിധ്യ ഗുണങ്ങൾ ആണ് കെസി ശിവദാസ് എന്ന മലയാള മനോരമയുടെ ചാവക്കാട് ലേഖകനെ ശ്രദ്ധേയനാക്കുന്നത്. തനിക്ക് ചുറ്റുമുള്ള ജനതതിയുടെ ജീവിത ശ്രെയസിനു അനുഗുണമാകുന്ന വിധം വാർത്തകൾ കണ്ടെത്തി അവതരിപ്പിക്കുന്നതിൽ ശിവദാസ് എന്നും മുന്നിൽ ആയിരുന്നു. കടലാഴത്തോളം കണ്ണീരും കഷ്ടപ്പാടും ആഹ്ലാദവും ആരവവും വാർത്തകളിൽ നിറഞ്ഞു. ദുരിതങ്ങൾക്ക് പരിഹാരമായി. അവഗണനകൾക്ക് ഇടപെടലുകളായി.. വികസനത്തിന് വേഗം കൂട്ടി….ആ വാർത്തകൾ ജനഹൃദയങ്ങളിൽ മായാതെ കിടന്നു. വാർത്തകളിലെ വ്യതിരി ക്തമായ അവതരണ ശൈലിയും ശിവദാസിന് സ്വന്തമായിരുന്നു. ശിവദാസ് ആദ്യമായി പ്രയോഗിച്ച മിന്നൽ ചുഴലി, കുഴിപ്പൻ തിര എന്നീ നാട്ടുവാക്കുകൾ ഇന്ന് പത്രവാർത്തകളിലെ സ്ഥിരം ശൈലിയായി. മികച്ച പത്രപ്രവർത്തകത്തിനുള്ള ഫ്യൂച്ചർ കൗൺസിൽ പുരസ്കാരം., ദക്ഷിണാമൂർത്തി ഗുരു ബ്രഹ്മ പുരസ്കാരം, വീട്ടികിഴി ഗോപാലകൃഷ്ണൻ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. മോട്ടിവേഷൻ സ്പീക്കറും കില ഫാക്കൽറ്റിയുമാണ്. അഡ്വക്കേറ്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി രേഖയാണ് ഭാര്യ. ഏക മകൻ അനശ്വർ ദാസ് തൃശൂർ ലക്ഷ്യയിൽ CMA വിദ്യാർത്ഥിയാണ്.

Leave feedback about this