തിരുവനന്തപുരം: ചെറിയ പ്രായത്തിൽ തന്നെ ആയിരം പുസ്തകം വായിച്ച് റെക്കോർഡിട്ട വരദയെന്ന കുട്ടിയ്ക്ക് നൽകിയ ഉറപ്പ് നിറവേറ്റി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയും വിളവൂർക്കൽ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ വരദയ്ക്ക് പുസ്കകങ്ങൾ എത്തിച്ച് നൽകിയാണ് എം.എ യൂസഫലി ക്രിസ്തുമസ് സമ്മാനം ഒരുക്കിയത്. കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ എം.എ യൂസഫലി എത്തിയപ്പോഴാണ് തന്റെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ തരുമോ എന്ന ആഗ്രഹം വരദ പങ്കുവച്ചത്. ചെറിയ പ്രായത്തിൽ തന്നെ വരദ വായിച്ച് തീർത്തത് ആയിരം പുസ്തകങ്ങളാണ്. ഈ കഥ തന്നോട് പറഞ്ഞപ്പോൾ എം.എ യൂസഫലിക്കും കൗതുകമായി. വരദ എഴുതിയ ആദ്യ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രകാശനം ചെയ്തത്.

തന്റെ അടുത്ത പുസ്തകം യൂസഫലി സാർ പ്രകാശനം ചെയ്യണമെന്ന ആഗ്രഹവും വരദ ലുലു ഗ്രൂപ്പ് ചെയർമാനോട് പങ്കുവച്ചിരുന്നു. കൊച്ചു മിഠുക്കിയുടെ ഈ ആഗ്രഹം സാധിച്ച് നൽകുമെന്ന് യൂസഫലി ഉറപ്പും നൽകി. പിന്നാലെയാണ് യൂസഫലിയുടെ ക്രിസ്മസ് സമ്മാനമെന്നോളം പുസ്തകങ്ങളുമായി മലയിൻ കീഴിലെ വരദയുടെ വീട്ടിലേക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികൾ എത്തിയത്. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ലുലുഗ്രൂപ്പ് പ്രതിനിധി നൗഫൽ കരീമും ചേർന്ന് വരദയ്ക്ക് പുസ്തകങ്ങൾ കൈമാറിയപ്പോൾ സന്തോഷം വാക്കുകളിൽ ഒതുങ്ങിയില്ല.
പടം അടിക്കുറിപ്പ്:
തിരുവനന്തപുരം മലയിൻ കീഴ് സ്വദേശിയായ വരദയ്ക്ക് എം.എ യൂസഫലി സമ്മാനമായി നൽകിയ പുസ്തകങ്ങൾ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ.ബി സ്വരാജും ലുലു ഗ്രൂപ്പ് പ്രതിനിധി നൗഫൽ കരീമും ചേർന്ന് കൈമാറുന്നു.
അസൗകര്യങ്ങൾ നിറഞ്ഞ തന്റെ കുഞ്ഞ് ലൈബ്രറിയിൽ എം.എ യൂസഫലി സമ്മാനിച്ച മുഴുവൻ പുസ്തകങ്ങളും വയ്ക്കുവാൻ സാധിച്ചില്ല, കുറച്ച് കൂടി വിശാലമായ ലൈബ്രറി നിർമ്മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വരദ പറഞ്ഞു.പ്രതീക്ഷിച്ചതിൽ കൂടുതൽ പുസ്തകങ്ങൾ യൂസഫലി സാർ സമ്മാനിച്ചെന്നും താൻ എഴുതി തുടങ്ങിയ പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ യൂസഫലി സാറിനെ വിളിക്കുമെന്നും വരദ പ്രതികരിച്ചത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വരദ ആഗ്രഹം അറിയിച്ചു.വരദയുടെ വീട്ടിലെ ലൈബ്രറിയിലേക്ക് നിരവധി കൂട്ടുകാരും ഒഴിവുദിവസങ്ങളിൽ എത്തും വരദക്കൊപ്പം പുസ്തകം വായിച്ചും ചിലർക്ക് വരദ കഥകൾ പറഞ്ഞു കൊടുത്തും തന്റെ പുസ്തക അറിവുകൾ വരദ വർദ്ധിപ്പിച്ചത്. കൊച്ചുകുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നതിലും വരദ മികവ് തെളിയിച്ചിട്ടുണ്ട് ചെറിയ പ്രായത്തിലെ വായനയോട് കൗതുകം തുടങ്ങിയ മകളുടെ വായന വൈഭവം തിരിച്ചറിഞ്ഞ് പിന്തുണ നൽകിയത് മാതാപിതാക്കളാണ്. ഇതോടെയാണ് വരദയ്ക്ക് പുസ്തകങ്ങൾ വാങ്ങി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചത്. അങ്ങനെ വരദ തന്റെ ചെറിയ പ്രായത്തിൽ തന്നെ ആയിരത്തിലധികം പുസ്തകങ്ങളും വായിച്ച് റെക്കോർഡ് ഭേദിച്ചു. തന്റെ വായനാ ലോകത്തേക്ക് പുതിയ പുസ്തകങ്ങൾ സമ്മാനിച്ച യൂസഫലി സാറിനോട് കൊച്ചു മിഠുക്കിക്ക് ഹൃദയം നിറഞ്ഞ നന്ദിവാക്കുകൾ മാത്രമായിരുന്നു മറുപടി.