breaking-news lk-special Politics

അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മികച്ച തൊഴിൽ, ​ഗ്രാമങ്ങളിലേക്ക് വൻകിട കമ്പനികൾ; തൊഴിൽ മേഖലയ്ക്ക് വേ​ഗതപകർന്ന ഇടത് സർക്കാരിന്റെ പത്ത് വർഷം

കേരളത്തിലെ യുവാക്കൾക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ തൊഴിൽ നൈപുണ്യ മേഖലയ്ക്ക് ഉണർവ് നൽകുന്ന നീക്കവുമായി സംസ്ഥാന സർക്കാർ ബഹുദൂരം മുന്നോട്ട് പോകുന്നത്.

തൊഴിൽ നൈപുണ്യപദ്ധതികൾ അതിവേ​ഗം

സ്വന്തം നാട്ടിൽനിന്ന് മികച്ച വരുമാനം നേടാൻ ഇന്ന് അവസരങ്ങളുണ്ട്. ഇതിന്റെ ഭാഗമായി, നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ ഇതിനകം രൂപം നൽകിയിട്ടുണ്ട്. അഭ്യസ്ഥ വിദ്യരായ യുവാക്കൾക്ക് ഇന്ന് സ്വന്തം നാട്ടിൽ തന്നെ മികച്ച തൊഴിൽ നേടാനും ഉയർന്ന വരുമാനം കണ്ടെത്താനും സംസ്ഥാന സർക്കാരിന്റെ വിവിധ തൊഴിൽ നൈപുണ്യ പദ്ധതികൾക്ക് കഴിഞ്ഞു.

ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിന്റെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച രേഖപ്പെടുത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരാണ് ഈ മേഖലകളിൽ മുന്നിട്ട് നിൽക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

​ഗ്രാമങ്ങളിലേക്ക് വൻകിട കമ്പനികൾ

കേരളത്തിന്റെ ഗ്രാമീണ മേഖലകളിലേക്ക് പോലും വൻകിട സ്ഥാപനങ്ങൾ ഇന്ന് എത്തുകയാണ്. ഇന്ത്യയിലെ പ്രധാന സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ സോഹോ കോർപ്പറേഷൻ കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം തുറന്നത് ഇതിനൊരു ഉദാഹരണമാണ്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ട്രാവൻകൂർ റയോൺസിന്റെ ഭൂമിയിൽ കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് കമ്പനിയായ കെയ്ൻസ് ടെക്നോളജി തങ്ങളുടെ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുകയാണ്.100 ജീവനക്കാരുമായി ആദ്യ ഘട്ടം ആരംഭിച്ചപ്പോൾ, ഗവേഷണ വിഭാഗത്തിലെ നാല് പ്രൊഫഷണലുകൾ അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നത് ശ്രദ്ധേയമാണ്.

ഒന്നര വർഷത്തിനുള്ളിൽ കെയ്ൻസ് ടെക്നോളജി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1500 പേർക്ക് സാങ്കേതിക, സാങ്കേതികേതര വിഭാഗങ്ങളിലായി തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ വികസന കാമ്പസ് തുറന്നിട്ടുണ്ട്. ഇത് ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് മേഖലകളിൽ ആദ്യഘട്ടത്തിൽ 400 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിൽ നടപ്പിലാക്കിയ വലിയ നിക്ഷേപ പദ്ധതികളിലൂടെ 2024 ജൂൺ വരെ മൂന്ന് വർഷത്തിനുള്ളിൽ മാത്രം 27,335 തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. കിൻഫ്ര സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടിനിടെ കൊണ്ടുവന്ന ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളം വരുമിത്.

സേവനമേഖലയിലെ കേരളം ബഹുദൂരം മുന്നിൽ

സേവനാധിഷ്ഠിത തൊഴിൽ വിപണിയിൽ കേരളം മുൻനിരയിൽ തുടരുന്നതായി നിതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS) പ്രകാരം 2011-12ൽ സംസ്ഥാനത്തെ സേവനമേഖലയിലെ തൊഴിൽ ശക്തിയുടെ 42.6% ഇപ്പോൾ 48.5% ആയി ഉയർന്നു. ദേശീയ ശരാശരി 29.7% മാത്രമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നഗരകേന്ദ്രീകൃതമായി തൊഴിലവസരങ്ങൾ ലഭ്യമാകുമ്പോൾ, കേരളത്തിൽ അത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ വ്യാപിച്ചു കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് സേവനമേഖലയിലെ പ്രധാന തൊഴിൽസാധ്യതകൾ.

അധികം ശ്രദ്ധിക്കാത്തതും എന്നാൽ വലിയ തൊഴിൽ സാധ്യതകളുമുള്ള മേഖലകളെ പ്രയോജനപ്പെടുത്താനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്സേഷൻ, ബുക്ക് കീപ്പിംഗ് തുടങ്ങിയ മേഖലകളിലെ ജോലികൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകി സ്വദേശത്ത് ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി എഎസ്എപും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് ഒരുക്കിയ ലീപ് സെന്റർ ഇതിന് ഉദാഹരണമാണ്.

അമേരിക്കയിലെ നികുതി പിരിവും നിയമങ്ങളും നടപ്പാക്കുന്നത് ഇന്റേണൽ റവന്യൂ സർവീസാണ് (IRS). എൻറോൾഡ് ഏജന്റുമാരെ അവർ പലപ്പോഴും പുറംരാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. ഈ ജോലിക്ക് തുടക്കത്തിൽ പ്രതിവർഷം 4.5 ലക്ഷം മുതൽ 6 ലക്ഷം വരെ വരുമാനം ലഭിക്കാം. അഞ്ചോ എട്ടോ വർഷത്തെ പരിചയം നേടുന്നതോടെ വരുമാനം 20 ലക്ഷം വരെയായി ഉയരും. ഈ വലിയ സാധ്യത മുന്നിൽക്കണ്ടാണ് എൻറോൾഡ് ഏജന്റുമാരാകുന്നതിനാവശ്യമായ പരിശീലനം നൽകാൻ അസാപ് മുൻകൈയെടുത്തത്.

സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ എഎസ്എപി, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, ഐസിടി അക്കാദമി ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനവും നൈപുണ്യ വികസനവും നൽകുന്നുണ്ട്. തൊഴിലന്വേഷകരേയും തൊഴിൽ ദാതാക്കളെയും സ്കില്ലിംഗ് ഏജൻസികളെയും ഒരുമിപ്പിക്കുന്ന ‘വിജ്ഞാനകേരളം’ പദ്ധതിക്ക് കീഴിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. വിദേശ കമ്പനികളിൽ വിദൂരമായി ജോലി ലഭിക്കുന്നവർക്കായി ‘വർക്ക് നിയർ ഹോം’ പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നു.

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സ്വന്തം നാട്ടിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. നിലവിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പ് കമ്പനികളാണ് കെഎസ്‌യുമിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥികളിൽ സംരംഭകത്വ താല്പര്യം വളർത്തുന്നതിന് കോളേജുകളിൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകൾ (IEDCs) സജീവമായി പ്രവർത്തിക്കുന്നു. നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ ‘ഐഡിയ ഫെസ്റ്റ്’, ഇന്നൊവേഷൻ ഗ്രാന്റുകൾ, സീഡ് ലോണുകൾ എന്നിവയിലൂടെ കെഎസ്‌യുഎം സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു. ‘ഫണ്ട് ഓഫ് ഫണ്ട്സ്’ പോലുള്ള പദ്ധതികൾ പ്രാരംഭ സ്റ്റാർട്ടപ്പുകൾക്ക് മൂലധനം ലഭ്യമാക്കാൻ സഹായിക്കുന്നു.

സംരംഭകരെ ചേർത്ത് നിർത്തി മുന്നോട്ട്

സംരംഭകർക്ക് ബിസിനസ്സ് വളർത്തുന്നതിനായി ലോകോത്തര നിലവാരത്തിലുള്ള ലീപ് (LEAP) കോ-വർക്കിംഗ് സ്പേസുകളും അത്യാധുനിക ഇൻകുബേറ്ററുകളും കെഎസ്‌യുഎം ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധ മെന്റർഷിപ്പും ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തിനുള്ള അവസരങ്ങളും അവർക്ക് ലഭിക്കുന്നു.

സാമ്പത്തിക സഹായം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കൃത്യമായ മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്ന ഈ സമഗ്ര പദ്ധതികളിലൂടെ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ നിന്ന് ലോകോത്തര സംരംഭങ്ങൾ കെട്ടിപ്പടുക്കാനും തൊഴിലവസരങ്ങൾ നേടാനും സാധിക്കുന്നു. ഇത് പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയുകയും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ച ഉറപ്പാക്കുകയും ചെയ്യും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video