കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നെന്ന പരാതിയില്‍ മാര്‍ട്ടിനെതിരേ കേസെടുക്കാന്‍ പോലീസ്. അതിജീവിതയാണ് പരാതി നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതായി ആക്ഷേപിച്ച് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിഹത്യയ്ക്ക് എതിരേ നടപടിവേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ പങ്കുവെച്ച സാമൂഹ്യമാധ്യമങ്ങളില്‍ പോലീസ് പരിശോധന നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് മാര്‍ട്ടിനെതിരേ കേസെടുത്തിരിക്കുന്നത്. മാര്‍ട്ടിന്‍ പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും പരിശോധന നടത്തും. വീഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ ഉള്‍പ്പെടും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്നാണ് അതിജീവിതയുടെ പരാതി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്നെ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.
മാര്‍ട്ടിനെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
