കൊച്ചി: രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച് നടൻ ഷൈൻ ടോം ചാക്കോ. ശനിയാഴ്ച പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ലഹരി ഉപയോഗം നടൻ സമ്മതിച്ചത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്നാണ് നടൻ പോലീസിന് നൽകിയ മൊഴി. എന്നാൽ, ഹോട്ടലിൽ പോലീസ് സംഘം എത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗത്തെത്തുടർന്ന് താൻ നേരത്തേ ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നതായും നടൻ പോലീസിനോട് പറഞ്ഞു. അച്ഛൻ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷൻ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടൻ പോലീസിനോട് പറഞ്ഞു.
ലഹരി ഉപയോഗിച്ചതിനും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഷൈൻ ടോം ചാക്കോയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി നടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നതെന്നും മൊഴികൾ പരിശോധിച്ചു വരികയാണെന്നും ഇനിയും വിശദമായ അന്വേഷണം വേണമെന്നുമാണ് പോലീസ് പറയുന്നത്.
അതിനിടെ, കൊച്ചിയിലെ ലഹരി ഇടപാടുകാരനായ സജീറുമായി ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലിൽ ആദ്യം ഇത് നിഷേധിച്ചെങ്കിലും സജീറുമായുള്ള ഗൂഗിൾപേ ഇടപാടുകളും വാട്‌സാപ്പ് ചാറ്റുകളും പോലീസ് നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്ന് ഷൈൻ ടോം ചാക്കോ സമ്മതിക്കുകയായിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടന്ന ദിവസം 20,000 രൂപയുടെ ഇടപാടാണ് ഷൈൻ ടോം ചാക്കോ സജീറുമായി നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Leave feedback about this