കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടിയുമായി വൈദ്യുതി ബോർഡ്. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു.എസിനെ സസ്പെൻഡ് ചെയ്താണ് നടപടി.ക്ലാസ് മുറിയോട് ചേർന്ന കെട്ടിടത്തിലെ തകര ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുന് മുകളിലൂടെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്താണ് സർക്കാർ വിവാദത്തിൽ നിന്ന് തടിയൂരിയത്.
പ്രക്ഷോഭങ്ങൾ രൂക്ഷമായതോടെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെൻറ് സർക്കാർ പിരിച്ചുവിട്ടിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻറിനെതിരേ സർക്കാർ നടപടിയെടുത്തത്. മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂൾ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയായിരുന്നു,
അപകടരമായി കടന്നുപോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു എട്ടാം ക്ലാസുകാരനായ മിഥുന്റെ മരണം. സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തെങ്കിലും സ്കൂൾ സുരക്ഷയിലെ വീഴ്ചയും അവസാനിച്ചിട്ടില്ല. അനധികൃതമായി നിർമ്മിച്ച തകരഷെഡ്ഡിലേക്ക് മിഥുൻ ചെരുപ്പ് എടുക്കാനായി പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.