loginkerala breaking-news അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു
breaking-news lk-special

അമ്മയ്‌ക്കൊപ്പമുള്ള ശരത് കൃഷ്ണന്റെ യാത്രകള്‍ പുസ്‌കത രൂപത്തില്‍; ‘അ’ ഹൈബി ഈഡന്‍ എം.പി പ്രകാശനം ചെയ്തു

കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത് കൃഷ്ണന്റെ യാത്രകള്‍ക്ക് പ്രചോദനമായ ഇന്‍കാം ടാക്‌സ് അസീ.കമ്മീഷണര്‍ ജ്യോതിഷ് കുമാറിന് പുസ്തകം കൈമാറിക്കൊണ്ടാണ് ‘അ’യുടെ പ്രകാശനം നടന്നത്. സംവിധായകന്‍ മേജര്‍ രവി പുസ്തക വിവരണം നടത്തി. അമ്മയ്‌ക്കൊപ്പമുള്ള സഞ്ചാരമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും പുസ്‌കതരൂപത്തില്‍ അനുഭവം വായനക്കാരിലേക്ക് എത്തുമ്പോള്‍ ഓരോ അമ്മമാര്‍ക്കുമുള്ള സമര്‍പ്പണമാണിതെന്നും ശരത് കൃഷ്ണന്‍ പ്രതികരിച്ചു.

അഞ്ചാം വയസില്‍ തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ ഓര്‍മകളുമായിട്ടാണ് ഹൈബി ഈഡന്‍ എം.പി വേദിയിലെത്തിയത്. ശരത് കൃഷ്ണനും ഗീതമ്മയ്ക്കും ആശംസയും അദ്ദേഹം നേര്‍ന്നു. എഴുത്തിന്റെ അനുകരണം അച്ഛനുമായി നടത്തുക എന്നത് കഠിനമേറിയ കാര്യമാണെന്നും ശരത് കൃഷ്ണന്‍ ഉപയോഗിച്ച സാഹിത്യ ഭാഷ ഗംഭീരമാണെന്നും അദ്ദേഹം പ്രതികരിച്ചു. പുസ്തകത്തില ഓരോ വരികളിലും അദ്ദേഹത്തിന്റെ ഭാഷയുടെ വ്യാപ്തിയും യാത്രാനുഭവങ്ങളും വിവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയെന്നത് അത്യപൂര്‍വമായ വാത്സ്യല്യമാണെന്നും തന്റെ അമ്മയെ ഒരിക്കല്‍ പോലും യാത്ര കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും പുസ്തകം വിവരണം നടത്തി മേജര്‍ രവിയുടെ വികാരഭരിതമായ വാക്കുകള്‍. യാത്രകള്‍ക്ക് അമ്മയെ കൂടെ കൂട്ടിയ ശരത് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അടുക്കളയില്‍ സ്വപ്നങ്ങള്‍ ഒതുക്കുന്ന ഒരുപാട് അമ്മമാര്‍ക്കുള്ള സമര്‍പ്പണമാകും ഈ പുസ്തകമെന്നും മേജര്‍ രവി പ്രതികരിച്ചു.ഗായകന്‍ വിജയ് യേശുദാസ്,ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, നടി ദിവ്യപിള്ള, ഗായകന്‍ രാഗേഷ് ബ്രാത്മനാന്ദന്‍, ജോസ് ആലൂക്കാസ് സിഇഒ ജോണ്‍ ആലൂക്കാസ് എന്നിവര്‍ പ്രസംഗിച്ചു.

പടം അടിക്കുറിപ്പ്: ശരത് കൃഷ്ണന്റെ ‘അ’ പുസ്തകം ഹൈബി ഈഡന്‍ എം.പി ഇന്‍കാം ടാക്‌സ് അസീ.കമ്മീഷണര്‍ ജ്യോതിഷ് കുമാറിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്യുന്നു. ലുലുഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ഇന്‍കാം ടാക്‌സ് അസീ.കമ്മീഷണര്‍ ജ്യോതിഷ് കുമാര്‍, ഗായകന്‍ വിജയ് യേശുദാസ്, ശരത് കൃഷ്ണന്റെ മാതാവ് ഗീതമ്മ, സംവിധായകന്‍ മേജര്‍ രവി, നടി ദിവ്യപിള്ള, ഗായകന്‍ രാഗേഷ് ബ്രാത്മനാന്ദന്‍ തുടങ്ങിയവര്‍ സമീപം

Exit mobile version