loginkerala breaking-news നിലപാട് കടുപ്പിച്ച് സച്ചിദാനന്ദൻ; സര്‍ക്കാരിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്
breaking-news Kerala

നിലപാട് കടുപ്പിച്ച് സച്ചിദാനന്ദൻ; സര്‍ക്കാരിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്

മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണെന്നും അതാണ് യഥാർത്ഥ ജനാധിപത്യമെന്നും ഫേസ്ബുക്കിൽ സച്ചിദാനന്ദൻ കുറിച്ചു. അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുന്നതാവരുത് ഭരണമെന്നും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും സച്ചിതാനന്ദൻ പറഞ്ഞു. സൈബർ ലോകത്തെ വിഡ്ഢികൾ തന്‍റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അവർ എന്നെ വായിച്ചിട്ടില്ല. എന്‍റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് സച്ചിദാനന്ദന്‍റെ കുറിപ്പ്. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാന്ദന്‍റെ കുറിപ്പില്‍ പറഞ്ഞു.

അതേസമയം സച്ചിതാനന്ദനെ വിമർശിച്ച് കരിവള്ളൂർ മുരളി രം​ഗത്തെത്തി. വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും കരിവെള്ളൂര്‍ മുരളി ഫേസ്ബുക്ക് പോസ്റ്റിൽ വിമര്‍ശിക്കുന്നു. കേരളത്തിലേക്ക് കടന്നുകയറാൻ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന പദ്ധതികളെ തടയിടാൻ കോൺഗ്രസിന് കഴിയില്ലെന്നും ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂര്‍ മുരളി വിമർശിച്ചു. ഒരു തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ വന്നു നിൽക്കുമ്പോൾ അതിന്‍റെ പ്രചാരണത്തിന് പല അടരുകളുണ്ടാകും. കോൺഗ്രസ് അത് രൂപകല്പന ചെയ്യാനും നടപ്പിലാക്കാനുമാണ് കോടികൾ മുടക്കി ഒരു കനഗോലുവിനെ ഇറക്കുമതി ചെയ്ത് തീറ്റിപ്പോറ്റുന്നതെന്നും കരിവെള്ളൂര്‍ മുരളി പറഞ്ഞു.

സച്ചിതാനന്ദന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡോ. തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു. കോളേജ് വിദ്യാഭ്യാസകാലം മുതൽ ആരാധനയോടെ മാത്രം കണ്ടിട്ടുള്ള പ്രിയപ്പെട്ട കവിയാണ് സച്ചിദാന്ദൻ. ശ്രദ്ധേയനായ സാമൂഹിക നിരീക്ഷകൻ കൂടിയാണ് സച്ചിതാനന്ദൻ. എന്നാൽ ഒരു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ സച്ചിദാന്ദന്റെ ഇത്തരമൊരു പ്രസ്താവന വായിച്ചപ്പോൾ അദ്ദേഹം ഇത്ര ശുദ്ധാത്മാവാണോയെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയെന്ന് മുൻ മന്ത്രി തോമസ് ഐസക് പറയുന്നു. കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ജനങ്ങളുടെ ക്ഷേമത്തിൽ അഭൂതപൂർവ്വമായ വർധനവുണ്ടായി. സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ ഓരോ മേഖലയിലും ഇത് പ്രകടമാണ്. തർക്കമുണ്ടെങ്കിൽ കണക്കുകൾ വച്ച് തർക്കിക്കണമെന്ന് തോമസ് ഐസക് പറഞ്ഞു. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചാൽ പിന്നെ തിരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ. രണ്ടു മുന്നണികളും മാറി മാറി ഭരിച്ചുകൊണ്ടിരുന്നാൽ പോരേ? പക്ഷേ, അതാണോ ജനാധിപത്യം? മുൻ മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ സംശയം രേഖപ്പെടുത്തുന്നു.

പാർടി സെക്രട്ടറി ഗോവിന്ദൻ മാഷ് അഭിപ്രായപ്പെട്ടതുപോലെ, സച്ചിദാനന്ദന്റെ തുടർഭരണ തിസീസ് ഞങ്ങൾ തള്ളിക്കളയുമ്പോഴും, തുടർഭരണം സൃഷ്ട്ടിക്കാൻ സാധ്യതയുള്ള അപചയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജാഗ്രതപ്പെടുത്തൽ ഞങ്ങൾക്ക് സ്വീകാര്യമാണ്. ആ നിലയിൽ ഇടതുപക്ഷ സുഹൃത്തുക്കളിൽ നിന്നുള്ള വിമർശനങ്ങൾ തുറന്ന മനസോടെ കാണാനും ആവശ്യമായ തിരുത്തലുകൾ വരുത്തുവാനും ഇടതുപക്ഷം എന്നും തയ്യാറായിരിക്കും എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Exit mobile version