loginkerala breaking-news ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി; മണ്ഡലപൂജ ഇന്ന്
breaking-news Kerala

ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി; മണ്ഡലപൂജ ഇന്ന്

സന്നിധാനം: മണ്ഡലപൂജയ്ക്കായി ശബരിമലയിൽ അയ്യപ്പന് തങ്ക അങ്കി ചാർത്തി. ഇന്ന് രാവിലെ 10.10നും 11.30നും മധ്യേയാണ് മണ്ഡലപൂജ നടക്കുന്നത്. അതേസമയം കഴിഞ്ഞ 41 ദിവസം നീണ്ട ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് രാത്രിയോടെ സമാപനമാകും.

ശബരിമല മണ്ഡലപൂജയ്ക്കായി കഴിഞ്ഞ ദിവസം ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്രയെ മന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ ചേർന്നായിരുന്നു സ്വീകരിച്ചത്. തങ്ക അങ്കി ഘോഷയാത്ര ഇന്നലെ വൈകീട്ട് 6.30ന് ആണ് സന്നിധാനത്ത് എത്തിയത്. ശബരിമല ശ്രീകോവിലിന് സമീപത്ത് വെച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയും ചേർന്നായിരുന്നു തങ്ക അങ്കി ഏറ്റുവാങ്ങിയത്. തുടർന്ന് തങ്ക അങ്കി ചാർത്തി സന്നിധാനത്ത് ദീപാരാധനയും നടന്നിരുന്നു.

ചൊവ്വാഴ്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള തങ്ക അങ്കി 1973 ൽ നടയിൽ സമർപ്പിച്ചത്. ഇന്ന് രാത്രി 10ന് മേൽശാന്തി അയ്യപ്പ സ്വാമിയെ ഭസ്മാഭിഷേകം നടത്തും. ശേഷം മണ്ഡലകാലത്തിന് സമാപനമായി ശബരിമല നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി ഈ മാസം 30ന് വൈകീട്ട് 5ന് ആണ് നടതുറക്കുക.

Exit mobile version