തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തതായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. ഹൈക്കോടതി നൽകിയ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് സൂചന.
ഇതോടെ കേസ് റാന്നി കോടതിയിൽ നിന്ന് കൊല്ലം വിജിലൻസ് കോടതിയിലേക്കും മാറും. അഴിമതി നിരോധന വകുപ്പ് ഉൾപ്പെടുത്തിയത് മൂലം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇനി കേസ് അന്വേഷിക്കാനാകും. ഇഡി ഇതിനകം പ്രാഥമിക വിവരശേഖരണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ഹൈക്കോടതി അനുവദിച്ച അന്വേഷണാവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ, അതിനുമുമ്പ് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.
