loginkerala Business റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാർത്ഥികൾ അർഹരായി
Business career

റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാർത്ഥികൾ അർഹരായി

ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ 146 പേർ ഭിന്നശേഷിവിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്
…………………………………….

കൊച്ചി: റിലയൻസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്, റിലയൻസ് ഫൗണ്ടേഷൻ 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി യുവപ്രതിഭകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഈ വർഷം 5,100 വിദ്യാർത്ഥികളെയാണ് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഫൗണ്ടേഷന്റെ വിശാലമായ ദൗത്യം ഊട്ടിയുറപ്പിക്കുന്നതാണ് വാർഷിക പ്രഖ്യാപനം.

ഒരു വലിയ, ദീർഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയൻസ് ഫൗണ്ടേഷന്റെ സ്‌കോളർഷിപ്പുകൾ. 2022ൽ, ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം അംബാനി, 10 വർഷത്തിനുള്ളിൽ 50,000 സ്‌കോളർഷിപ്പുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടുള്ള പ്രതിബദ്ധതയുടെ സമർപ്പണത്തിന്റെ ഭാഗമായി, ഫൗണ്ടേഷൻ ഇന്നുവരെ 33,471 സ്‌കോളർഷിപ്പുകൾ നൽകിക്കഴിഞ്ഞു. 2025-26 വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ മത്സരാധിഷ്ഠിതമായിരുന്നു; രാജ്യത്തെ 15,544 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ലഭിച്ച 1,25,000ത്തിലധികം അപേക്ഷകളിൽ നിന്നാണ് ഏറ്റവും യോഗ്യരായ 5,100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. 28 സംസ്ഥാനങ്ങളിൽ നിന്നും 4 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം പദ്ധതിയുടെ ദേശീയ വ്യാപ്തിക്ക് അടിവരയിടുന്നു.

‘ഇന്ത്യയിലെ യുവാക്കൾ അവിശ്വസനീയമായ പ്രചോദനവും കഠിനാധ്വാനവും കഴിവും പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ സ്‌കോളർഷിപ്പുകൾ സാമ്പത്തിക സഹായത്തിന് പുറമെ, അവരുടെ യാത്രയെ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സമാനചിന്താഗതിക്കാരായവരുടെ ഒരു മികച്ച ശൃംഖലയും മറ്റും നൽകാൻ ലക്ഷ്യമിടുന്നു. റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർമാർ അവർ തിരഞ്ഞെടുത്ത വിഷയങ്ങളിൽ മികവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു, ശ്രദ്ധേയമായ പ്രൊഫഷണൽ ലക്ഷ്യങ്ങൾ പിന്തുടരുന്നു, അവരുടെ യാത്രയിൽ അവരെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. 5,100 അസാധാരണരായ ബിരുദ, ബിരുദാനന്തര സ്‌കോളർമാരുടെ പുതിയ സംഘത്തെ ഞങ്ങൾ സ്വാഗതം ചെയ്യുമ്പോൾ, അതിരുകൾ ഭേദിക്കാനും, വലുതായി ചിന്തിക്കാനും, ഒരു വികസിത ഭാരതത്തിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താനും ഞങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുന്നു,’ റിലയൻസ് ഫൗണ്ടേഷൻ വക്താവ് വ്യക്തമാക്കി.

സാമൂഹിക പ്രതിബദ്ധതയും വൈവിധ്യവും

വെറും സംഖ്യകൾക്കപ്പുറം, 2025-26 ലെ സ്‌കോളർഷിപ്പ് ജേതാക്കളുടെ വിവിധ സാമൂഹ്യ മാനദണ്ഡങ്ങളിലുള്ള റിലയൻസ് ഫൗണ്ടേഷന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. സ്‌കോളർഷിപ്പ് ലഭിച്ചവരിൽ 83% പേർ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ബിരുദ വിദ്യാർത്ഥികളിൽ 97% പേരും പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരാണ്. 5000 ബിരുദ വിദ്യാർത്ഥികളിൽ 48% പെൺകുട്ടികളും 52% ആൺകുട്ടികളുമാണ്. ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടവരിൽ 146 പേർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ്.

ഈ വൈവിധ്യമാർന്ന കൂട്ടായ്മയുടെ അടിത്തറയിൽ നിന്നുകൊണ്ട്, ബിരുദാനന്തര സ്‌കോളർഷിപ്പുകളിലൂടെ രാജ്യത്തിന് ആവശ്യമുള്ള ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഫൗണ്ടേഷൻ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം ബിരുദാനന്തര സ്‌കോളർഷിപ്പുകൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ‘ഭാവിക്കായി സജ്ജമായ’ മേഖലകളിലെ ഇന്ത്യയിലെ മികച്ച പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട 100 ബിരുദാനന്തര സ്‌കോളർമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ്, പുനരുപയോഗ ഊർജ്ജം, ലൈഫ് സയൻസസ് തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും.

അംഗീകാരത്തിന്റെ ഭാഗമായി സ്‌കോളർഷിപ്പ് ജേതാക്കൾക്ക് ഒരു ആഗോള പൂർവ്വ വിദ്യാർത്ഥി ശൃംഖലയിലേക്കും ഭാവിയിലെ നേതൃത്വത്തെ വളർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വികസന പരിപാടികളിലേക്കും പ്രവേശനം ലഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും അപേക്ഷകർക്കും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.

എങ്ങനെ പരിശോധിക്കാം

അപേക്ഷകർക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ സ്‌കോളർഷിപ്പ് ഫലം പരിശോധിക്കാവുന്നതാണ്:

  1. scholarships.reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. നിങ്ങളുടെ 17 അക്ക അപേക്ഷാ നമ്പർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി നൽകുക.
  3. ഫലം കാണുന്നതിന് ‘Submit’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    കൂടുതൽ വിവരങ്ങൾക്കായി, ഈ ലിങ്ക് സന്ദർശിക്കുക: https://reliancefoundation.org/reliance-foundation-scholarships-2025-26-results

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ, നൂതനവും സുസ്ഥിരവുമായ പരിഹാരങ്ങളിലൂടെ ഇന്ത്യയുടെ വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം അംബാനിയുടെ നേതൃത്വത്തിൽ, ഗ്രാമീണ പരിവർത്തനം, വിദ്യാഭ്യാസം, ആരോഗ്യം, കായികം, ദുരന്തനിവാരണം, സ്ത്രീ ശാക്തീകരണം, നഗര നവീകരണം, കല, സംസ്‌കാരം, പൈതൃകം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സമഗ്രമായ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 91,500ൽ അധികം ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലുമായി 88 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ഫൗണ്ടേഷൻ ഇതിനോടകം സ്വാധീനിച്ചിട്ടുണ്ട്.

Exit mobile version