പത്തനംതിട്ട: മൂന്നാമത്തെ ലൈംഗികാതിക്രമക്കേസിൽ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യം രാഹുൽ മാങ്കൂട്ടത്തിൽ തള്ളിയെന്ന് യുവതിയുടെ മൊഴി. ഗർഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെയാണ് യുവതിക്ക് ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകേണ്ടിവന്നത്. തുടർന്ന് മെഡിക്കൽ ലാബിൽ നിന്ന് രാഹുലിന്റെ ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുടെ ആവശ്യം പരിഗണിച്ചില്ലെന്നാണ് മൊഴി. കേസുമായി ബന്ധപ്പെട്ട് എസ്ഐടി രേഖപ്പെടുത്തിയ മൊഴിയിലാണ് വിവരങ്ങളുള്ളത്. അതേസമയം രാഹുലിനെ ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. രാഹുലിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ എസ്ഐടിയുടെ കസ്റ്റഡിയിലാണെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുലുമായി പരിചയപ്പെട്ടത്. പിന്നീട് രാഹുൽ യുവതിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകി എന്നും യുവതി അന്വേഷണസംഘത്തോട് പറഞ്ഞു.
തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ പറഞ്ഞു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകൻ ആയതിനാൽ പൊതുവിടത്തിൽ കാണാൻ ആകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണമെന്നും പരാതിക്കാരി പൊലീസിന് മൊഴി നൽകി.
കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിലെ എആർ ക്യാമ്പിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് രാഹുലിനെ എആർ ക്യാമ്പിലെത്തിച്ചത്. ജി പൂങ്കൂഴലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അൽപ്പസമയത്തിനുള്ളിൽ രാഹുലിനെ മെഡിക്കൽ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. എആർ ക്യാമ്പിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് ജനറൽ ആശുപത്രി. പരിശോധനയ്ക്ക് ശേഷം 10 മണിയോടെ രാഹുലിനെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്. രാഹുലിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ സൈബർ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എസ്ഐടിയുടെ തീരുമാനം.

Leave feedback about this