പത്തനംതിട്ട: ബലാത്സംഗക്കേസ്; അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ജനുവരി 16 നാണ് രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല സെഷൻസ് കോടതി പരിഗണിക്കുക. ഇതിനുമുമ്പ് രാഹുലിനെ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റ് ഇടപാടുകളുടെ വിവരങ്ങൾ അന്വേഷിക്കാൻ പാലക്കാടും എത്തിച്ച് പരിശോധന നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി എസ്ഐടിക്ക് കസ്റ്റഡിയിൽ വിട്ടു നൽകിയത്. തെളിവെടുപ്പിന് ശേഷം പത്തനംതിട്ട എആർ ക്യാമ്പിൽ പ്രതിയെ വിശദമായി വീണ്ടും ചോദ്യം ചെയ്യും.
മൂന്ന് ലൈംഗികാതിക്രമ പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ളത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മൂന്നാമത്തെ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ കേസിൽ വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയത്. പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ബലാത്സംഗത്തിനും മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും കേസുണ്ട്.
രാഹുലിന് എതിരെ പുറത്തുവന്ന എല്ലാ കേസുകളിലും സമാന ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുക, കുഞ്ഞ് വേണമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ഗർഭിണി ആകുമ്പോൾ ഭീഷണപ്പെടുത്തി ബന്ധം അവസാനിപ്പിക്കുക എന്നതാണ് രാഹുലിന്‍റെ രീതി. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്ന ഗുരുതര പരാമർശം എസ്ഐടിയുടെ അറസ്റ്റ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
