തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ഏഴ് ദിവസമായി രാഹുൽ ഈശ്വർ ജയിലിലാണ്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി രാഹുല്‍ ഈശ്വർ പിന്‍വലിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്‌ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വിഡിയോ ഉണ്ടെങ്കില്‍ പിന്‍വലിക്കാന്‍ രാഹുല്‍ തയാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കേസുകളുടെ എഫ്‌ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു.
