കൊച്ചി: യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കി. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. അർഹതയെ അവഗണിക്കുന്നുവെന്നും മാറ്റിനിർത്തിയവർ അയോഗ്യത പറയണമെന്നും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജംഷെ ഫേസ്ബുക്കിൽ കുറിച്ചു. സംഘടനയെ പ്രതിപക്ഷ ശബ്ദമാക്കി മാറ്റിയയാളാണ് അഭിജിത്ത് എന്നും അഭിജിത്ത് അഭിമാനമാണ് എന്നുമാണ് യൂത്ത് കോൺഗ്രസ് പയ്യാനക്കൽ മണ്ഡലം അധ്യക്ഷൻ സാദിഖ് പയ്യാനക്കൽ പ്രതികരിച്ചത്.
അതേസമയം അഭിജിത്തിനെ യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിയാക്കാത്തതിൽ കെ എസ് യു സംസ്ഥാന ഉപാധ്യക്ഷൻ അരുൺ രാജേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്. എന്താണ് ഇനിയും അഭിജിത്ത് പാർട്ടിക്ക് വേണ്ടി ചെയ്യേണ്ടതെന്നും എന്താണ് അഭിജിത്ത് ഇതുവരെ ചെയ്തതിൽ ഒരു കുറവായി തോന്നിയത് എന്നുമാണ് അരുൺ ചോദിക്കുന്നത്. നിരവധി കോൺഗ്രസ് സൈബർ പേജുകളും അഭിജിത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലെ തെരുവോരങ്ങളിൽ അഭിജിത്ത് നയിച്ച രക്തരൂക്ഷിതമായ സമര പോരാട്ടങ്ങൾ എത്രയെന്നും അയാൾ കെഎസ്‌യുവിന് നൽകിയ സംഭാവനകൾ എത്രയെന്നും ഓർമിച്ചപ്പിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് എഡിറ്റർസ് എന്ന പേജിലെ പോസ്റ്റ്. ഉമ്മൻചാണ്ടിയോടൊപ്പമായിരുന്നു എന്നതാണ് വിഷയമെങ്കിൽ അതയാൾക്കൊരു പൂച്ചെണ്ടാണ് എന്നും പോസ്റ്റിൽ പറയുന്നു.