തിരുവനന്തപുരം: തലസ്ഥാനത്ത് ഷോപ്പിംഗ് മാളിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസുകാരനെ മർദ്ദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്. കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ വൈകിയേക്കുമെന്നാണ് വിവരം. ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി എടുത്തതിനുശേഷമാകും തുടർനടപടി ഉണ്ടാകുകയെന്നാണ് വഞ്ചിയൂർ പോലീസ് പറയുന്നത്. അതേസമയം, എസ്എഫ്ഐക്കാരുടെ പരാതിയിൽ പോലീസുകാരനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വൻതോതിൽ അമർഷമുണ്ട്.
ഉന്നത ഉദ്യോഗസ്ഥർ അടക്കം പല പോലീസുകാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്നതിനിടെയാണ് സംഭവം. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗം പോലീസുകാരുടെ തീരുമാനം. അതേസമയം, കമ്മീഷണറുടെ നിർദ്ദേശത്തിലാണ് എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസ് എടുത്തത്. കമ്മീഷണറെ പരിഹസിച്ച് പല പോലീസ് ഗ്രൂപ്പുകളിലും ട്രോളുകളും വരുന്നുണ്ട്.

Leave feedback about this