കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്നും വീണ് ഉമാതോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടനത്തില്‍ വലിയ പിഴവെന്ന് പൊലീസ്. സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടത്ര പാലിച്ചിട്ടില്ലെന്ന് അഗ്നിശമന സേനയും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സംഘാടകര്‍ കുരുങ്ങുകയാണ്. പരിപാടിയുടെ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സ്റ്റേജ് പൊളിച്ചുമാറ്റരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. പാലാരിവട്ടം പോലീസാണ് സംഘാടകര്‍ക്കും സ്റ്റേജ് നിര്‍മ്മാണകരാറുകാര്‍ക്കും എതിരേ കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കേസ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോലീസ് കേസെടുത്തത്. അതേസമയം ആരുടേയും പേരുവിവരങ്ങള്‍ ഇതിലില്ല. പോലീസ് വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്. ഉറപ്പുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചില്ല. സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരോ മെഡിക്കല്‍ സ്റ്റാഫുകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിലോ പരാജയപ്പെട്ടു. സുരക്ഷാ മാനദണ്ഡം പാലിക്കാതെ നൃത്തപരിപാടി നടത്തി തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്. വേദിയില്‍ പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ല, കൈവരി ഒരുക്കിയിരുന്നത് ഒരു നാട മാത്രം കെട്ടി, ഒരുവരി കസേരയിടേണ്ടിയിരുന്ന ഇടത്ത് രണ്ടുവരി കസേരയിട്ടു, മതിയായ സുരക്ഷാക്രമീകരണം നടത്തിയില്ല, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധത്തില്‍ സ്റ്റേജ് നിര്‍മ്മിച്ചു തുടങ്ങി അനേകം കണ്ടെത്തലുകളാണ് ഫയര്‍ഫോഴ്സ് കണ്ടെത്തിയിരിക്കുന്നത്.
അതേ സമയം 3500 രൂപ ഫീസ് വാങ്ങി നടത്തിയ പരിപാടിയില്‍ തങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കിയില്ല എന്ന് പങ്കാളികളായ നൃത്തകരും ആരോപണം ഉന്നയിക്കുന്നു. കല്യാണ്‍ സാരി എന്ന രീതിയില്‍ പണം വാങ്ങിയിട്ട് ഗുണനിലവാരം കുറഞ്ഞ വസ്ത്രങ്ങളാണ് നൃത്തകര്‍ക്ക് നല്‍കിയത്. ഏറെ നേരം വൈകിയാണ് പരിപാടി നടത്തിയത്. നടത്തിപ്പില്‍ ഒരുപാട് അപാകതകള്‍ ഉണ്ടായെന്നും നൃത്തകര്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗികമായി ആരും തന്നെ പ്രതികരിച്ചിട്ടില്ല.
ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ മെഗാ ഭരതനാട്യം തുടങ്ങുന്നതിന് മുമ്പ് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. പതിനാലടി ഉയരത്തില്‍ നിന്നുമാണ് ഉമാതോമസ് എംഎല്‍എ താഴേയ്ക്ക് വീണത്. വീഴ്ചയില്‍ കോണ്‍ക്രീറ്റ് സ്ളാബില്‍േക്ക് തലയടിച്ചു. ഉടന്‍ തന്നെ ആംബുലന്‍സില്‍ എംഎല്‍എ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്ന എംഎല്‍എയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തിങ്കളാഴ്ച പുലര്‍ച്ചെയോടെ റിപ്പോര്‍ട്ട് പുറത്തിറക്കി.