തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പികെ ശ്രീമതിയുടെ ബാഗ് കവർന്നു. രേഖകളും പണവും മൊബൈലും നഷ്ടമായി. ബാഗിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയാണ് നഷ്ടപ്പെട്ടത്. ബിഹാറിൽ വെച്ചാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതിയുടെ ബാഗ് കവർന്നത്. കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു പികെ ശ്രീമതി.
സമസ്തി പൂരിൽ സിപിഎമ്മിന്റെ വനിതാസംഘടനയായ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുകയായിരുന്നു അഖിലേന്ത്യാ പ്രസിഡന്റായ പികെ ശ്രീമതി. ഇതിനിടെ ട്രെയിനിൽ വെച്ചുണ്ടായ കവർച്ചയിൽ വസ്ത്രങ്ങൾക്കൊപ്പം ബാഗിൽ ഉണ്ടായ കമ്മൽ അടക്കമുള്ള സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള മറ്റ് രേഖകളും നഷ്ടപ്പെടുകയായിരുന്നു. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിനിൽ യാത്ര നടത്തിയത്.
ഞെട്ടിച്ച അനുഭവമാണ് ട്രെയിനിൽ ഉണ്ടായതെന്ന് പികെ ശ്രീമതി പറഞ്ഞു. ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നെന്ന് അവർ പറഞ്ഞു. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ സാധനങ്ങളും പേഴ്സുകളും ബാഗുകളും നഷ്ടപ്പെട്ടിട്ടുണ്ട്
