ന്യൂഡൽഹി: ലഡാക് പ്രക്ഷോപത്തിൽ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ മോചനം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രധിഷേധിക്കാൻ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം.
ലാഡാക്കിൽ പ്രക്ഷോപത്തെ തുടർന്ന് നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച സമരത്തിന് നേതൃത്വം നൽകിയ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ജനങ്ങളെ കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ദേശസുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ പ്രസംഗങ്ങളിൽ ലഡാക്കിലെ പ്രശ്നങ്ങളെ നേപാളിലെ ജെൻ സി പ്രക്ഷോപത്തോട് ഉപമിച്ചുകൊണ്ടുള്ള പ്രസ്താവനകൾ യുവാക്കളെ കലാപകാരികളാക്കാൻ ശ്രമിക്കുകയും ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചു എന്നുമാണ് ആരോപണങ്ങൾ.
സ്വീഡനിൽ നിന്നുള്ള ഫണ്ട് കൈമാറ്റം ഉൾപ്പെടെ നിരവധി സാമ്പത്തിക ക്രമക്കേടുകൾ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ച് സോനം വാങ്ചുക്കിന്റെ എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. അതേ സമയം സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ ഇതുവരെ അറസ്റ്റ് ഉത്തരവ് കുടുംബത്തിന് നൽകിയിട്ടില്ലെന്നും വാങ്ചുക്കിനെതിരെയുള്ള നടപടി അന്യായമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി അംഗ്മോ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.