ന്യൂഡൽഹി: ആൾക്കൂട്ട വിചാരണയെത്തുടർന്ന് തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ച കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നു ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ. റായ്പൂരിലെയും ഡല്‍ഹിയിലെയും മുതിര്‍ന്ന അഭിഭാഷകര്‍ അടങ്ങുന്ന സംഘം കന്യാസ്ത്രീകള്‍ക്ക് വേണ്ടി സഭാനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതിയിൽ ഹാജരാകും.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ബുധനാഴ്ച ദുര്‍ഗ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിച്ചിരുന്നില്ല. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് മന്ത്രി പറഞ്ഞിരുന്നു. ഇതോടെ, മലയാളി കന്യാസ്ത്രീകളുടെ എട്ടു ദിവസം നീണ്ട ജയിൽവാസം ഇന്ന് അവസാനിച്ചേക്കും.
എന്നാൽ അമിത് ഷാ നിർദേശിച്ചതുപോലെ ദുർഗ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകണമോയെന്ന കാര്യത്തിൽ കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരാകും തീരുമാനിക്കുക.