പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം മന്ത്രാലയവുമായി സഹകരിച്ചാണ് വന്‍താര ഗജസേവക് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്
കൊച്ചി/ജാംനഗര്‍: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രോജക്ട് എലിഫന്റു’മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് വന്‍താര തുടക്കം കുറിച്ചു. അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുന്‍നിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വന്‍താര. ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു നാഴികക്കല്ലായിരിക്കും അഞ്ച് ദിവസത്തെ പരിശീലന പരിപാടിയായ വന്‍താര ഗജ്സേവക് സമ്മേളനം. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ദേശീയതലത്തില്‍ നടത്തുന്ന പരിപാടി കപ്പാസിറ്റി ബില്‍ഡിംഗ് ( ശേഷി/നൈപുണ്യ വികസനം) എന്ന തലത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണല്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുക, പരിചരണ നിലവാരം ഉയര്‍ത്തുക, മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തില്‍ മികച്ച രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാധേ കൃഷ്ണ ക്ഷേത്രത്തില്‍ ആചാരപരമായ സ്വാഗതത്തോടെയും മഹാ ആരതിയോടെയും കൂടിയാണ് സമ്മേളനം ആരംഭിച്ചത്. ആത്മീയമായും തൊഴില്‍പരമായും സമ്പന്നമായ ഒരു അനുഭവത്തിന് സമ്മേളനം വഴിയൊരുക്കുകയാണ്.
‘ഈ സമ്മേളനം ഒരു പരിശീലന പരിപാടി എന്നതിലുപരി, ആനകളെ പരിപാലിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവാണ്,’ വന്‍താര ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസര്‍ വിവാന്‍ കരാനി പറഞ്ഞു. ‘പരമ്പരാഗത ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ആനകളുടെ ക്ഷേമത്തിനായി കൂടുതല്‍ ശക്തവും കരുണാമയവുമായ ഒരു അടിത്തറ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ആന സംരക്ഷണത്തിന്റെ ഭാവി സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നയത്തെയോ ഇവിടുത്തെ ആവാസ വ്യവസ്ഥയെയോ മാത്രം ആശ്രയിച്ചുള്ളതല്ല – മറിച്ച് അവയെ പരിചരിക്കുന്നവരുടെ ശാക്തീകരിക്കപ്പെട്ട കൈകളെയും ഹൃദയങ്ങളെയും ആശ്രയിച്ചാണ്–അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധയിടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ 250ലധികം ആനകളുടെ ആവാസ കേന്ദ്രമാണ് വന്‍താര. ഒരുകാലത്ത് ദുരിതത്തിലോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസ്ഥയിലോ ആയിരുന്ന ആനകളായിരുന്നു അതെല്ലാം. 500-ലധികം പരിചാരകരുടെ ഒരു സമര്‍പ്പിത സംഘത്തിന്റെ പിന്തുണയോടെയും സമ്പന്നവും കാരുണ്യപൂര്‍ണ്ണവുമായ പരിചരണത്തിലൂടെയും അവരുടെ ജീവിതങ്ങളില്‍ എങ്ങനെ പരിവര്‍ത്തനം സാധ്യമാക്കും എന്നതിന്റെ തെളിവായി നിലകൊള്ളുന്നു വന്‍താര. മൃഗക്ഷേമത്തില്‍ ആഗോള നിലവാരം ഉയര്‍ത്തുന്നതിന് പ്രതിജ്ഞാബദ്ധമായ വന്‍താര, ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ കപ്പാസിറ്റി ബില്‍ഡിംഗ് പദ്ധതികളില്‍ തുടര്‍ച്ചയായ നിക്ഷേപം നടത്തുന്നുണ്ട്.
Leave feedback about this